30 September, 2023 10:10:51 AM


അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യ സംഘം; ഭയപ്പെടുന്നില്ലെന്ന് എം.എം മണി എംഎൽഎ



ഇടുക്കി: ഇടുക്കിയില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് റവന്യൂ വകുപ്പ് ഉത്തവിറക്കി. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ ചുവടുപിടിച്ചാണ് പുതിയ ദൗത്യസംഘം രൂപീകരിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സംഘം. 

സബ് കളക്ടര്‍, ആര്‍ഡിഒ, കാര്‍ഡമം അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാകും. സംഘത്തിന്‍റെ പ്രതിവാര പുരോഗതി വിലയിരുത്താന്‍ ജോയിന്‍റ് കമ്മീഷണറെയും ചുമതലപ്പെടുത്തി. വനം, തദ്ദേശ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സംഘത്തിന് വേണ്ട സഹായങ്ങള്‍ നല്‍കും.

ഭൂസംരക്ഷണ നിയമം ലംഘിച്ചു കൊണ്ടുളള 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതില്‍ വന്‍കിടക്കാരും ചെറുകിടക്കാരും പാവപ്പട്ടവരുമുണ്ട്. സംഘം രൂപീകരിക്കാനുളള ഹൈക്കോടതി ഉത്തരവ് വന്നപ്പോള്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയ ജില്ലയിലെ സിപിഐഎം നേതൃത്വം സംഘത്തെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

അതേസമയം ദൗത്യസംഘം രാഷ്ട്രീയമായി പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുമെന്ന പ്രഖ്യാപനവുമായി സിപിഎം നേതാവ് എം എം മണി എംഎല്‍എ രംഗത്തെത്തി. മൂന്നാര്‍ ദൗത്യസംഘത്തെ ഭയപ്പെടുന്നില്ലെന്ന് എം.എം മണി പറഞ്ഞു. കാലങ്ങളായി കുടില്‍ക്കെട്ടി താമസിക്കുന്നവരുടെയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയും മെക്കിട്ട് കയറാന്‍ സമ്മതിക്കില്ല. ദൗത്യസംഘം നിയമവിരുദ്ധമായി പെരുമാറിയാല്‍ അവരെ തുരത്തും. ഹാരിസണ്‍ മലയാളത്തിന്‍റെയും ടാറ്റയുടെയും കയ്യേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം മണി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K