25 January, 2022 04:43:04 PM


കോവിഡ്: ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം - മന്ത്രി വി.എൻ.വാസവൻ



കോട്ടയം: വാർഡുതലം വരെയുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും വീടുകളിൽ ക്വാറന്റയിനിൽ കഴിയുന്നവരടക്കമുള്ള രോഗികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലയുടെ ചുമതലയുളള സഹകരണ- രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.


ആരോഗ്യജീവനക്കാർക്കിടയിലും കോവിഡ് വ്യാപനമുള്ളതിനാൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ദേശീയ ആരോഗ്യദൗത്യത്തിനും മന്ത്രി നിർദ്ദേശം നൽകി. കോവിഡ് അടിയന്തര ആവശ്യമുള്ള ആശുപത്രികളിലേക്ക് മറ്റിടങ്ങളിൽനിന്നുള്ള ഡോക്ടർമാരെയും ജീവനക്കാരെയും താൽക്കാലികമായി പുനർവിന്യസിക്കും. ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ  സജ്ജമാക്കാനുള്ള നടപടി സ്വീകരിക്കും.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് കൺട്രോൾ റൂമുകളും സഹായകേന്ദ്രങ്ങളും ആരംഭിക്കാനും ജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പർ പ്രസിദ്ധീകരിക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ സി.എഫ്.എൽ.ടി.സി. ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് നിർദ്ദേശിച്ചു. രോഗികൾക്ക് പരമാവധി സഹായം ലഭ്യമാക്കാൻ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


വിവിധതലങ്ങളിലുള്ള കോവിഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച(ജനുവരി 26) രാവിലെ 11ന് ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്-നഗരസഭ അധ്യക്ഷന്മാരുടെയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഓൺലൈനായി ചേരും. ജില്ല എ കാറ്റഗറിയിലാണെന്നും നിയന്ത്രണങ്ങൾ പാലിച്ച് കോവിഡ് വ്യാപനം തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആൾക്കൂട്ടമുണ്ടാകാനിടയുള്ള പൊതുസ്ഥലങ്ങളിൽ കുട്ടികളുമായി പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ പറഞ്ഞു. രോഗം ബാധിച്ച് ക്വാറന്റയിനിൽ കഴിയുന്നവർ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും ക്വാറന്റയിനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതായും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.


യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡോ. കെ.കെ. ശ്യാംകുമാർ, ഷറഫ് പി. ഹംസ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K