27 February, 2026 05:58:59 PM
തനിക്കെതിരെ പ്രതിഷേധിച്ച ബിജെപിക്കാർക്ക് കൈകൊടുത്ത് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. പ്രതിഷേധ മാർച്ചുമായി എത്തിയ ബിജെപി നേതാക്കൾക്ക് ചാണ്ടി ഉമ്മൻ ഹസ്തദാനം നൽകിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രാവിലെ പത്ത് മണിയോടെയാണ് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പുതുപ്പള്ളിയിലെ വികസനമുരടിപ്പ് ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.
എംഎൽഎ ഓഫീസിന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം പിരിയാൻ തുടങ്ങവേ ആണ് ഓഫീസിൽ നിന്ന് ചാണ്ടി ഉമ്മൻ ഇറങ്ങിവന്നത്. ബിജെപി നേതാവിനും മറ്റുള്ളവർക്കും ചാണ്ടി ഉമ്മൻ ഹസ്തദാനം നൽകി സൗഹൃദ സംഭാഷണവും ആരംഭിച്ചു.
ചാണ്ടി ഉമ്മൻ ഈ രീതിയിൽ പെരുമാറിയതോടെ പ്രതിഷേധക്കാരും തിരിച്ച് ചിരിച്ചുകൊണ്ട് സംസാരിക്കുകയും കൈകൊടുക്കുകയും ചെയ്തു. പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന ചിലർക്ക് ഇത് അംഗീകരിക്കാനായില്ല. നാണംകെട്ട പണിക്ക് നിൽക്കരുത് എന്ന് ബിജെപി പ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ഇത് കേട്ടതോടെ ചിലർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വീണ്ടും വിളിച്ചു. ചെറിയ തോതിലുള്ള തർക്കമുണ്ടായെങ്കിലും പൊലീസ് അതിവേഗം ഇടപെട്ടു.
ഇതിനിടയിൽ ബിജെപിയിൽ നേതാക്കളും അനുയായികളും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതായും വീഡിയോയിൽ കാണാം. ചാണ്ടി ഉമ്മനോട് സൗഹൃദത്തോടെ സംസാരിച്ചതിലായിരുന്നു ചിലർക്ക് അഭിപ്രായവ്യത്യാസം. എന്നാൽ ഇങ്ങോട്ട് സംസാരിക്കാൻ വന്ന ചാണ്ടി ഉമ്മനോട് തിരിച്ച് ആക്രോശിക്കേണ്ടതില്ലെന്നാണ് മറ്റുള്ളവരുടെ വാദം.
പ്രതിഷേധത്തിൽ പ്രശ്‌നമൊന്നുമില്ലെന്നും പുതുപ്പള്ളിക്കാർക്ക് എല്ലാവരോടും സൗഹൃദമാണെന്നുമാണ് ചാണ്ടി ഉമ്മൻ വീഡിയോയിൽ പറയുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ പുറത്ത് നടക്കുന്ന പ്രതിഷേധമാണ് ഇതെല്ലാം എന്ന് ഈ രംഗങ്ങൾ വ്യക്തമാക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ പ്രതികരണം.





