22 February, 2026 09:12:23 PM


നിയന്ത്രണംവിട്ട ആംബുലൻസ് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി; മദ്യപിച്ച് നിലതെറ്റിയ ഡ്രൈവർ റിമാൻഡിൽ



കോട്ടയം: നിയന്ത്രണംവിട്ട ആംബുലൻസ് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി. മദ്യപിച്ച് നിലതെറ്റിയ ആംബുലൻസ് ഡ്രൈവർ റിമാൻഡിൽ. ഫെബ്രുവരി 21ന് ഉച്ചയോടെ കോട്ടയം കളത്തിപ്പടി ഭാഗത്തായിരുന്നു അപകടം. സ്ഥലത്തെത്തിയ പോലീസിന് ഡ്രൈവർ മദ്യലഹരിയിൽ സ്ന്ത്രിവയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് മനസ്സിലായി. 

തുടർന്ന് ഡ്രൈവർ വടവാതൂർ കളപ്പുരയ്ക്കൽ ബിനിൽ കെ പീറ്റർ (33)നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഡോക്ടർ ശേഖരിച്ച  ബ്ലഡ് സാമ്പിളും  മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ആംബുലൻസ് ഡ്രൈവറെ സ്റ്റേഷനിൽ എത്തിച്ച് അപകടത്തിൽ പരിക്കുപറ്റിയവരുടെ ബന്ധുവിന്റെ പരാതിയിൽ കേസെടുക്കുകയായിരുന്നു.

പൊൻപള്ളി ഭാഗത്ത് നിന്നും കളത്തിപ്പടി ഭാഗത്തേക്ക് ഡ്രൈവർ മാത്രമായി ഓടിച്ച്  വന്ന ആംബുലൻസ് കളത്തിപ്പടി ജംഗ്ഷൻ ഭാഗത്ത് വച്ച് അയ്മനം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്.

രോഗികളേയും അപകടത്തിൽപെടുന്ന ആളുകളേയും ഉടനടി ആശുപത്രിയിൽ എത്തിച്ച് എത്രയുംവേഗം വൈദ്യസഹായം നൽകുവാൻ ഉത്തരവാദിത്വപ്പെട്ട ആംബുലൻസ് ഡ്രൈവറായ പ്രതി മദ്യപിച്ച് ഓടിച്ചാൽ റോഡിലെ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അതിലൂടെ കടന്ന് പോകുന്ന മറ്റുള്ള ആളുകൾക്കും  അപകടം ഉണ്ടായി മരണം വരെ സംഭവിക്കാം എന്നറിവുള്ള ആളാണ്  എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K