05 March, 2026 07:33:43 PM
അയ്യമ്മാത്ര-തുമ്പെകളം-തിരുവാര്‍പ്പ് യു.പി സ്കൂള് റോഡ് നിർമ്മാണത്തിന് മന്ത്രിസഭ അനുമതി

ഏറ്റുമാനൂർ : തിരുവാര്‍പ്പ് കുമരകം മേഖലയുടെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായ അയ്യമ്മാത്ര-തുമ്പെകളം-തിരുവാര്‍പ്പ് യു.പി സ്കൂള് റോഡ് നിര്‍മ്മാണത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയാതായി മന്ത്രി വി. എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോട്ടയം കുമരകം റോഡിലെ അയ്യമ്മാത്ര ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് തിരുവാര്‍പ്പ് ശിവന്‍ കോവിലിനു മുന്നില്‍ എത്തിച്ചേരുന്ന റോഡ് കുമരകത്തേയ്ക്കുള്ള എളുപ്പവഴിയാണ്. ഇല്ലിക്കല്‍-തിരുവാര്‍പ്പ് റോഡ് തകര്‍ന്ന സമയത്ത് ബൈപ്പാസായി ഉപയോഗിച്ചിരുന്നത് ഈ റോഡായിരുന്നു. 1,97,05,174/- രൂപയുടെ നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കല്ലുകെട്ടി ബലപ്പെടുത്തുന്നതിനും, റീ ടാറിങ്ങിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ടൂറിസത്തിനും, കാർഷിമേഖലയ്ക്കും നേട്ടമാവുന്ന റോഡ്: മന്ത്രി വി എൻ വാസവൻ കാലങ്ങളായി കാത്തിരുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാനായി ആവശ്യമായ തുകയ്ക്കുള്ള അനുമതി ലഭിച്ചതോടെ തിരുവാര്‍പ്പ്-കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. തിരുവാര്‍പ്പ് മേഖലയിലെ ടൂറിസം പദ്ധതിക്ക് നേട്ടമായിമാറും ഈ റോഡ് മാറുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.





