22 March, 2022 11:50:31 AM


അര്‍ധരാത്രിയിൽ ക്ഷേത്രത്തിൽ കയറിയ കള്ളനെ പൂജാരി മൈക്ക് അനൗൺസ്മെന്‍റിലൂടെ കുടുക്കി



ആലപ്പുഴ: അര്‍ധ രാത്രി ക്ഷേത്രത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ പൂജാരി കുടുക്കി. ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിച്ചാണ് പൂജാരി മോഷ്ടാവിനെ കുടുക്കിയത്. വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ചു കടന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ് (52) മോഷണ വസ്തുക്കളുമായി പിടിയിലായത്.


ഞായര്‍ രാത്രി പന്ത്രണ്ടോടെ ക്ഷേത്രത്തില്‍ നിന്നു ശബ്ദം കേട്ടാണ് സമീപത്ത് താമസിച്ചിരുന്ന പൂജാരി കണ്ണന്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍, ക്ഷേത്ര മതില്‍ ചാടിക്കടന്ന് ഉപദേവതമാരുടെ ശ്രീകോവിലുകള്‍ക്കു മുന്നിലുണ്ടായിരുന്ന നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണു കണ്ടത്. ഓടിയെത്തിയ കണ്ണനെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ച ശേഷം മോഷ്ടാവ് കടന്നു. കണ്ണനും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഇരുട്ടില്‍ മറഞ്ഞു.


ഉടന്‍ തിരികെ ക്ഷേത്രത്തിലേക്കു വന്ന കണ്ണന്‍, കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. അസമയത്തെ മൈക്ക് അനൗണ്‍സ്മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന മധുസൂദനന്‍ പിള്ളയെ പിടികൂടി. മോഷ്ടിച്ച നിലവിളക്കുകളും കണ്ടെടുത്തു. പിന്നാലെ കുറത്തികാട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വേറെയും മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K