12 April, 2022 08:25:21 PM


തണ്ണീര്‍മുക്കം ബണ്ട്: കാര്‍ഷിക കലണ്ടര്‍ പ്രകാരം തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കും



ആലപ്പുഴ :  തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കി  തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത് ശുപാര്‍ശ ചെയ്യാന്‍ സഹകരണ രജിസ്ട്രേഷൻ വകുപ്പു  മന്ത്രി വി.എന്‍. വാസവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു.

കൃഷി മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കും നിലവിലുള്ള കാര്‍ഷിക കലണ്ടറില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞതിനും ശേഷമായിരിക്കും  തുടര്‍നടപടികള്‍.

അടുത്ത വര്‍ഷം മുതല്‍ കൃഷിയില്‍ കാര്‍ഷിക കലണ്ടര്‍ പിന്തുടരുന്നതിന്  പാടശേഖര സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.  മഴ തുടരുന്നതിനാല്‍ നിലവില്‍ ബണ്ടിന്‍റെ 19 ഷട്ടറുകള്‍ വഴി നീരൊഴുക്ക് ക്രമീകരിച്ചിരിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത് 20 ഷട്ടറുകളാക്കി ഉയര്‍ത്തും. മഴയുടെ തോത് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

 ഓണ്‍ലൈന്‍ മുഖേന ചേർന്ന യോഗത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു.  ദലീമാ ജോജോ എം.എല്‍.എ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ആലപ്പുഴ- കോട്ടയം ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാര്‍, മത്സ്യത്തൊഴിലാളി സംഘടനകളുടെയും കര്‍ഷക തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K