27 April, 2022 08:20:04 AM


അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നെടുമങ്ങാട് സ്വദേശികളായ നാല് പേർ മരിച്ചു



ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായല്‍കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാല്‍,സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്ബാടി ,അഭിരാഗ് (25) എന്നിവരാണ് മരിച്ചത് . സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാന്‍ നെടുമ്പാശ്ശേരിയിലേക്കു പോകുകയായിരുന്നു ഇവര്‍. നെടുമങ്ങാട് ആനാട് നിന്നും പുലര്‍ച്ചേ ഒരു മണിയോടെയാണ് ഇവര്‍ എയര്‍ പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത് . അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K