25 May, 2022 09:31:29 PM


8.80 ലക്ഷം രൂപയുടെ നമ്പരുമായി ടോണിയുടെ "കാർണിവൽ ലിമിസിൻ പ്ലസ്" നിരത്തിലിറങ്ങി



കോട്ടയം:  8.80 ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കിയ ഇഷ്ട നമ്പരുമായി ടോണി വര്‍ക്കിച്ചന്‍റെ കാര്‍ നിരത്തിലിറങ്ങി. കെ.എൽ 05 എ.വൈ 7777 എന്ന നമ്പരിലുള്ള കിയ മോട്ടേഴ്‌സിന്‍റെ കാർണിവൽ ലിമിസിൻ പ്ലസ് എന്ന ആഡംബരകാറാണ് ഇന്ന് വൈകിട്ട് 5.45 മണിയോടെ തെള്ളകത്തെ ഷോറൂമില്‍നിന്നും പുറത്തിറങ്ങിയത്. 47 ലക്ഷം രൂപ വിലയുള്ള കാറിന് അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചൻ റിക്കാര്‍ഡ് തുകയ്ക്ക് നമ്പര്‍ സ്വന്തമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു.

പൃഥ്വിരാജ് സ്വന്തം വാഹനത്തിനായി മുടക്കിയതിൽ കൂടുതൽ തുകയാണ് കോട്ടയം അച്ചായൻസ് ജുവലറി ഉടമയായ ടോണി പുതിയ കാറിനായി മുടക്കിയത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത തന്‍റെ വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോർഡാണ് ടോണി മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോർഡ് ലേലതുകയുമാണിത്.


ടോണിയുടെ മറ്റ് വാഹനങ്ങളായ ജാഗ്വാറിന്‍റെയും കിയോയുടെ സെൽടോസിന്‍റെയും നമ്പര്‍ 7777 എന്നാണ്. ഇതേ നമ്പര്‍ തന്നെപുതിയ വാഹനത്തിനും വേണമെന്ന ആഗ്രഹമാണ് ടോണിയെ ലേലത്തിലേക്ക് നയിച്ചത്. ഓൺലൈനായാണ് കെ.എൽ 05 എ.വൈ 7777 എന്ന നമ്പരിനു വേണ്ടി ബുക്ക് ചെയ്തത്. ചിങ്ങവനം സ്വദേശി ആകാശ് പി. എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആർ.ടി ഓഫീസിനെ സമീപിച്ചതോടെയാണ് ലേലത്തിലേക്ക് കടക്കുകയായിരുന്നു. 

സർക്കാർ 50,000 രൂപയാണ് നമ്പറിന്‍റെ തുക നിശ്ചയിച്ചത്. തുക ഓൺലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമാണ് ലേലം ആരംഭിച്ചത്. ലേലത്തിൽ 7,83,000 രൂപ വരെ ആകാശ് വിളിച്ചു.  8,30,000 രൂപയ്ക്ക് വിളിച്ച്  ടോണി വർക്കിച്ചൻ ലേലം ഉറപ്പിച്ചു. ബുക്കിംഗിനായി അടച്ച തുക കൂടിയായപ്പോൾ നമ്പരിന്‍റെ മൂല്യം 8,80,000 രൂപയായി. മെയ് 23ന് ലേലം ഉറപ്പിച്ച പ്രകാരം തുക അടച്ചശേഷം രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഇന്ന് വൈകിട്ടോടെ വാഹനം ലഭിച്ചു.

തെള്ളകത്തെ കിയാ ഷോറൂമിലാണ് ടോണി കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടേഴ്‌സിന്‍റെ കാർണിവൽ ലിമിസിൻ പ്ലസ് ബുക്ക് ചെയ്തത്. വാഹനമെടുക്കാന്‍ ടോണി എത്തിയതും ഏറെ കൌതുകം ജനിപ്പിച്ചു. ഒരേ നമ്പരിലുള്ള തന്‍റെ മറ്റ് രണ്ട് കാറുകളായ ജാഗ്വാറും കിയോയുടെ തന്നെ സെൽടോസും ആയാണ് ഇദ്ദേഹം ഷോറൂമിലെത്തിയത്. അച്ചായന്‍സ് ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യനും ഒപ്പം ഉണ്ടായിരുന്നു. കെ.എൽ 28 സി 7777 നമ്പരിലുള്ള ജാഗ്വാറും കെ.എൽ 05 എവി 7777 നമ്പരിലുള്ള സെൽടോസും കെ.എൽ 05 എവൈ 7777 നമ്പരിലുള്ള പുതിയ കാർണിവൽ ലിമിസിൻ പ്ലസും ഷോറൂമിന് മുന്നില്‍ നിരന്ന് പാര്‍ക്ക് ചെയ്തത് കാണാന്‍ ഒട്ടേറെ ആളുകളും കൂടി.




Share this News Now:
  • Google+
Like(s): 5.8K