05 June, 2019 10:08:50 AM


എം.എല്‍.എമാര്‍ പാര്‍ട്ടിവിടുന്നു: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു




മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടി നല്‍കി കൂടുതല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. പത്ത് എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സ് വിടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ബി.ജെ.പി പ്രവേശനത്തിനു മുന്നോടിയായി പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ പാര്‍ട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെയാണ് മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസ്സ് വീഴുന്നത്. പാര്‍ട്ടിവിട്ട മുതിര്‍ന്ന കോണ്‍ഗ്രസ്സ് നോതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത് കോണ്‍ഗ്രസ്സില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. വിഘെ പാട്ടീല്‍ ഔദ്യോഗികമായി ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.


'പാര്‍ട്ടിയുടെ ഭാഗത്തുനിന്നും അവഗണന ഉണ്ടായമുതല്‍ താന്‍ ഈ തീരുമാനമെടുത്തതാണ്. ലോക്‌സഭാ പ്രചാരണത്തിനും സഹകരിച്ചിരുന്നില്ല. പാര്‍ട്ടി വിടുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.' എം.എല്‍.എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഘെ പാട്ടീല്‍ പറഞ്ഞ വാക്കുകളാണിവ.


ഉടന്‍ നടക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ വിഘെ പാട്ടീലിനെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മകനു സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ്സ് വിട്ടത്. വിഘെ പാട്ടീലിനു പിന്നാലെ ഒന്‍പത് എം.എല്‍.എമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ ബി.ജെ.പി നടത്തുന്നത്.


ഇതില്‍ നാലുപേര്‍ കോണ്‍ഗ്രസ്സുമായി അകന്നു നിക്കുന്നവരാണ്. ബി.ജെ.പി നീക്കങ്ങള്‍ വിജയിച്ചാല്‍ സിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും. കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ കക്ഷിയായി സഖ്യത്തില്‍ എന്‍.സി.പി മാറും. മഹാരാഷ്ട്രയിലെ നിലവിലെ അംഗസംഖ്യ ബി.ജെ.പിക്ക് 128, ശിവസേന 66, കോണ്‍ഗ്രസ്സ് 42, എന്‍.സി.പി 41 എന്നിങ്ങനെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K