24 September, 2019 05:46:36 PM
ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ കുടുംബവഴക്കിനിടെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഏറ്റുമാനൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍റിനു സമീപം ചിറക്കുളത്തിന്‍റെ കരയില്‍ താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ പട്ടിത്താനം ശാന്തിഭവനില്‍ വിനീതിന്‍റെ ഭാര്യ ആഷ (22)യാണ് മരിച്ചത്. സിഐ എ.ജെ.തോമസിന്‍റെ നേതൃത്വത്തിലുള്ള ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റു ചെയ്ത വിനീതി (30)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ വിനീതും ആഷയും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു വാക്കേറ്റം. മര്‍ദ്ദനമേറ്റ് ഓട് പാകിയ തറയില്‍ തലയടിച്ച് ബോധരഹിതയായി വീണ ആഷയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരണമടഞ്ഞു. തെങ്ങുകയറ്റതൊഴിലാളിയായ വിനീതിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കി.





