02 November, 2019 12:28:59 PM


മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ


uploads/news/2019/11/348020/aRREST.jpg


കോഴിക്കോട്: മാവോയിസ്റ്റ് ലഘു ലേഖകള്‍ വിതരണം ചെയ്തതിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരാണ് പന്തീരാങ്കാല് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

അറസ്റ്റിലായ ഇരുവരും സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരില്‍ നിന്നും നിരവധി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും കണ്ടെത്തിയിട്ടുണ്ട്. ലഘുലേഖകള്‍ക്ക് അപ്പുറം മറ്റൊരു തരത്തിലുള്ള ബന്ധവും കണ്ടെത്താനായിട്ടില്ല.

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. നിരോധിത ഇടത് സംഘടനയുമായി ബന്ധമുള്ളയാളുകളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. താഹ ഫസല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണോ എന്ന് അറിയില്ലെന്ന് മാതൃസഹോദരി ഹസീന പറഞ്ഞു.

അറസ്റ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഘുലേഖകള്‍ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ കിരാത നടപടിയാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളേയും അടച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. ആശയപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ അല്ല യുഎപിഎ ചുമത്തേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K