14 December, 2019 03:15:23 PM


പൊലീസ് ജീപ്പ് ബ്രേക്കിട്ടത് നടുറോഡിൽ; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം


കണ്ണൂർ: റോഡിനു നടുവിൽ ജീപ്പ് നിർത്തി പുകവലിക്കാരനു പിഴയിട്ട പൊലീസിനോട്, ജീപ്പ് നിർത്തിയതുമൂലം റോഡിലുണ്ടായ ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിപോക്കനു വളപട്ടണം പൊലീസിന്റെ മർദനം. കണ്ണൂർ അലവിൽ പണ്ണേരിമുക്കിലാണു സംഭവം. നിയമം പഠിപ്പിക്കാൻ നീയാരാണെന്നു ചോദിച്ച എസ്ഐ യുവാവിനോടു ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റാൻ ശ്രമിച്ചു.
നാട്ടുകാർ എതിർത്തു. ഇതോടെ സ്ട്രൈക്കർ ഫോഴ്സിനെ വിളിച്ചുവരുത്തി. ഉന്തിലും തള്ളിലും എസ്ഐ നിലത്തുവീണു. ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവിൽ നാട്ടുകാർ ഓട്ടോറിക്ഷയിൽ യുവാവിനെ സ്റ്റേഷനിലെത്തിച്ചു. യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.
എന്തു വകുപ്പു പ്രകാരമാണു കേസെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരിൽ രണ്ടു പേരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്ഐ ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K