16 December, 2019 02:32:45 PM


നിക്ഷിപ്ത താത്പര്യക്കാര്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് അനുവദിക്കാനാവില്ല: മോദി



ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷിപ്ത താത്പര്യക്കാര്‍ സമൂഹത്തെ വിഭജിക്കുന്നതും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതും അനുവദിക്കാനാവില്ലെന്ന് മോദി ട്വീറ്റില്‍ പറഞ്ഞു.

സംവാദവും ചര്‍ച്ചയും വിയോജിപ്പുമെല്ലാം ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുന്നതും അതിന്‍റെ ഭാഗമായിക്കൂടാ. വലിയ പിന്തുണയോടെയാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയത്. നിരവധി രാഷ്ട്രീയപ്പാര്‍ട്ടികളും എംപിമാരും ഭേദഗതിയെ പിന്തുണച്ചു. എല്ലാത്തിനെയും സ്വീകരിക്കുന്ന ഒരുമയുടെയും കരുണയുടെയും സാഹോദര്യത്തിന്‍റെയും ഭാരതീയ സംസ്‌കാരത്തെയാണ് ഈ നിയമം വെളിപ്പടുത്തുന്നത്- മോദി അഭിപ്രായപ്പെട്ടു.

ഏതു മതത്തില്‍പ്പെട്ടവരായാലും ഒരു ഇന്ത്യക്കാരനെയും ഈ നിയമം ഒരുതരത്തിലും ബാധിക്കില്ല. ഒരു ഇന്ത്യക്കാരനും ഈ നിയമത്തെച്ചൊല്ലി വേവലാതിപ്പെടേണ്ടതില്ല. രാജ്യത്തിനു പുറത്ത് വര്‍ഷങ്ങളോളം മതവിവേചനത്തിനു വിധേയരാവുകയും ഇന്ത്യയല്ലാതെ മറ്റെവിടെയും പോകാനില്ലാത്തവരുമായ ആളുകള്‍ക്കു വേണ്ടിയാണ് ഈ നിയമമെന്ന് മോദി പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിനു വേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. പാവപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരുമായ ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാന്‍ അതാണ് ചെയ്യേണ്ടത്. നിക്ഷിപ്ത താത്പര്യക്കാര്‍ നമ്മളെ വിഭജിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.

സമാധാനവും ഐക്യവും സാഹോദര്യവും പുലര്‍ത്തേണ്ട സമയമാണിത്. ഊഹാപോഹങ്ങളില്‍നിന്നും തെറ്റായ പ്രവൃത്തികളില്‍നിന്നും അകന്നുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K