16 December, 2019 06:13:01 PM


കോണ്‍ഗ്രസ്സ് നിലപാടില്‍ ലീഗ് വെട്ടില്‍ ! വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് ആശങ്ക



കേരളത്തിലെ യു.ഡി.എഫ് ഇപ്പോള്‍ ആകെ വെട്ടിലായ അവസ്ഥയിലാണ്. ശരിക്കും 'പെട്ടു' എന്ന് പറയുന്നതാവും ശരി. വാക്ക് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന കോണ്‍ഗ്രസ്സിന്‍റെ അവസ്ഥ മുസ്ലിംലീഗിനെ കൂടിയാണിപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

ശിവസേനയുമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ സഖ്യമാണ് മുസ്ലീം ലീഗിന് ബാധ്യതയായിരിക്കുന്നത്.

പൗരത്വ ബില്‍ പ്രശ്‌നത്തിലും സവര്‍ക്കര്‍ വിഷയത്തിലും ശിവസേനയുടെ നിലപാട് ബി.ജെ.പിക്കൊപ്പമാണ്. പൗരത്വ ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നെങ്കിലും അവരുടെ നിലപാട് വ്യക്തമാണ്.

ഈ രണ്ട് കാര്യത്തിലും നിലപാട് മാറ്റുന്ന പ്രശ്‌നമേ ഇല്ലന്ന് ശിവസേന നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ 'പ്രസ്താവന' ശിവസേനയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്താണ് തുറന്നടിച്ചത്. തങ്ങള്‍ മഹാത്മാ ഗാന്ധിയേയും പണ്ഡിറ്റ് നെഹ്‌റുവിനേയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നാണ് സഞ്ജയ് റാവത്ത് അവകാശപ്പെടുന്നത്. 'റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറല്ലന്നായിരുന്നു' രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രതികരിച്ചിരുന്നത്.

ഹിന്ദുത്വ വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭീതിയിലാണ് ശിവസേന നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ശിവസേന- കോണ്‍ഗ്രസ്സ് സഖ്യത്തെ എതിര്‍ത്ത മുസലീം ലീഗും ഇതോടെ അണികളുടെ രോഷത്തിന് മുന്നില്‍ പകച്ച്‌ നില്‍ക്കുകയാണ്.

സോണിയയെ നേരിട്ട് കണ്ട് കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പ്രതിഷേധം രേഖപ്പെടുത്തിയിട്ടും നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം തയ്യാറായിരുന്നില്ല.

സവര്‍ക്കര്‍, പൗരത്വ ബില്‍ വിവാദങ്ങളിലും ശിവസേന തനിനിറം കാട്ടിയതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍ ലീഗ് നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ്സും ആകെ ധര്‍മ്മസങ്കടത്തിലാണ്. ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവിട്ട് പോകുമെന്ന മുന്നറിയിപ്പ് അവരും ഹൈക്കമാന്‍റിന് നല്‍കിയിട്ടുണ്ട്.

2021ല്‍ ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെ സംബന്ധിച്ച്‌ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

മഹാരാഷ്ട്രയിലെ ഏക സി.പി.എം അംഗം ശിവസേന സര്‍ക്കാറിനെ പിന്തുണയ്ക്കാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരളത്തില്‍ ഇത് സി.പി.എം ശരിക്കും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.

പിന്നെയുള്ളത് എന്‍.സി.പിയുടെ കാര്യമാണ്. ഇടതുപക്ഷത്തുള്ള ആ പാര്‍ട്ടിയെ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനവും ഉടനെയുണ്ടാകും.

ശിവസേന സര്‍ക്കാറിന്‍റെ ഭാഗമായ എന്‍.സി.പിയെ മുന്നണിയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലന്ന് തന്നെയാണ് സി.പി.എം നേത്യത്വം നല്‍കുന്ന സൂചന. ഇക്കാര്യം കേരളത്തിലെ എന്‍.സി.പി നേതൃത്വത്തെ സി.പി.എം അറിയിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍ തുടരാന്‍ പറ്റുമോ എന്ന കാര്യമാണ് എന്‍.സി.പി എം.എല്‍.എമാര്‍ നിലവില്‍ ചിന്തിക്കുന്നത്. തിരക്കിട്ട ചര്‍ച്ചകളാണ് ഇതു സംബന്ധമായി നടന്നുവരുന്നത്.

നിലവില്‍ മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് കേരളത്തിലുള്ളത്. മന്ത്രി എ കെ ശശീന്ദ്രന്‍ , തോമസ് ചാണ്ടി, മാണി സി കാപ്പന്‍ എന്നിവരാണവര്‍. മൂന്നും സി.പി.എമ്മിന്‍റെ ഔദാര്യത്തില്‍ വിജയിച്ചവരാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച്‌ ഇവരിപ്പോള്‍ വലിയ ബാധ്യതയുമാണ്. അതുകൊണ്ട് തന്നെയാണ് എന്‍.സി.പിയുടെ കാര്യത്തില്‍ സി.പി.എം നേതൃത്വം നിലപാട് കടുപ്പിച്ചിരിക്കുന്നത്.


ന്യൂനപക്ഷ വിഭാഗത്തെ ആശങ്കപ്പെടുത്തുന്ന ഒരു നിലപാടിനൊപ്പവും ഉണ്ടാകില്ലന്നതാണ് ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നയം.

പൗരത്വ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ച്‌ രംഗത്ത് വന്നതും അതുകൊണ്ടാണ്. ഗവര്‍ണ്ണര്‍ അടക്കം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഉറച്ച നിലപാടില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

പിണറായി സര്‍ക്കാറിന്‍റെ ഈ നിലപാടിലെ കാര്‍ക്കശ്യം കണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോള്‍ രമേശ് ചെന്നിത്തല. പൗരത്വ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തോടെ ന്യൂനപക്ഷ മനസ്സാണ് ചുവപ്പ് കവര്‍ന്നിരിക്കുന്നത്.

സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ലീഗിനെ പോലും അപ്രസക്തമാക്കുന്ന നീക്കമാണിത്.
മാത്രമല്ല തലസ്ഥാനത്ത് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ പ്രതിഷേധ സംഗമവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. പിണറായിക്കൊപ്പം വേദിയില്‍ നോക്കു കുത്തിയെ പോലെ ഇരിക്കേണ്ട ഗതികേടിലായിരുന്നു പ്രതിപക്ഷ നേതാവ്. ഇവിടെയാണ് ഇടതുപക്ഷ രാഷ്ട്രീയം നേട്ടം കൊയ്തിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ നായകസ്ഥാനമാണ് സര്‍ക്കാറും പിണറായിയും തട്ടിയെടുത്തിരിക്കുന്നത്.


ജാമിയ സര്‍വകലാശാലയിലെ പൊലീസ് വെടിവയ്പ്പിനെതിരെ അര്‍ദ്ധരാത്രിയില്‍ കെ.എസ്.യു രാജ് ഭവനിലേക്ക് മാര്‍ച്ച്‌ നടത്തിയെങ്കിലും ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിന് മുന്നില്‍ അതുപോലും മുങ്ങിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായത്. പൊലീസിനോട് പോലും ഏറ്റുമുട്ടുന്ന പ്രകോപനമാണ് ഡി.വൈ.എഫ്.ഐ അര്‍ദ്ധരാത്രി സൃഷ്ടിച്ചിരുന്നത്.

പൗരത്വ പ്രശ്‌നത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സി.പി.എം നേതൃത്വം വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K