25 December, 2019 04:13:35 PM


ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍



ആലപ്പുഴ : ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. മാരാരിക്കുളം റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി സിഗ്‌നല്‍ തെറ്റിച്ച് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വരികയായിരുന്നു. ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 


വളവനാട് റെയില്‍വേ ഗേറ്റിനു തെക്ക് ചുവപ്പ് സിഗ്‌നല്‍ ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്നു മുന്നോട്ടു പോയ കൊച്ചുവേളി- മൈസൂരു എക്‌സ്പ്രസ് (നമ്പര്‍ 16316), ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസിനു നേരെ വന്നതു സംബന്ധിച്ച സുരക്ഷാവീഴ്ചയെ കുറിച്ചാണ് അന്വേഷണം.


കൊച്ചുവേളി- മൈസൂരു ട്രെയിനിലെ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും മാറ്റി പകരം ആളെ നിയോഗിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രണ്ട് ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റുമാര്‍ ഉള്‍പ്പെട്ടതിനാല്‍ ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍ വിഭാഗവും വകുപ്പുതല അന്വേഷണം നടത്തും. തുടര്‍ന്നു വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട സമിതിയും അന്വേഷിക്കും.ഇതിനു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ റെയില്‍വേ ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഉചിത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K