21 January, 2020 03:59:01 PM


അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികൻ മരിച്ചു




മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. ബസിന്‍റെ ഹൈഡ്രോളിക് വാതിൽ അടിയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. പന്തളം - മാവേലിക്കര റോഡിൽ വെട്ടിയാർ കളത്തട്ട് ജംഗ്ഷനു സമീപം വളവിലായിരുന്നു അപകടം. മാവേലിക്കരയിലേക്കു പോകുകയായിരുന്നു ബസ്.


ബഹറിനിലെ ജോലി മതിയാക്കി പത്ത് ദിവസം മുൻപാണ് ചന്ദ്രമോഹൻ തമ്പി നാട്ടിലെത്തിയത്. ഡ്രൈവിങ് പരിശീലനത്തിന് മാവേലിക്കരയിലേക്കു പോകുന്നതിനായി വെട്ടിയാർ ക്ഷേത്ര ജംക്ഷനിൽ നിന്നാണ് ബസിൽ കയറിയത്. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷമാണു വിദേശത്തേക്കു പോയ ഇദ്ദേഹം ചുനക്കര കോമല്ലൂർ വേണാട് കുടുംബാംഗമാണ്. ഭാര്യ സുജാത. മകൾ രഞ്ജു തമ്പി (ബെംഗളൂരു). മരുമകൻ: അനീഷ് (ബെംഗളൂരു)




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K