07 March, 2020 05:12:52 PM


കൈക്കൂലി: സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ആശ്വാസം



ദില്ലി: അഴിമതി കേസില്‍ സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് ആശ്വസിക്കാം. രാകേഷ് അസ്താനയ്ക്കും ഡി.എസ്.പി ദേവേന്ദ്ര കുമാറിനും ക്ളീന്‍ ചിറ്റ് നല്‍കിയ സി.ബി.ഐ തീരുമാനം റോസ് അവന്യൂ കോംപ്ലക്‌സ് സ്‌പെഷ്യല്‍ സി.ബി.ഐ കോടതി അംഗീകരിച്ചു. മനോജ് പ്രസാദ് എന്നയാള്‍ക്കെതിരായ കുറ്റപത്രം അംഗീകരിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.


രാകേഷ് അസ്താന, ദേവേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ മതിയായ രേഖകളില്ലെന്ന് സ്‌പെഷ്യല്‍ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. അലോക് വര്‍മ്മയ്ക്കു വേണ്ടി തനിക്കെതിരെ വ്യാജമായി കേസെടുത്തതാണെന്ന് രാകേഷ് അസ്താന തുടക്കം മുതല്‍ ആരോപിച്ചിരുന്നു.


2018 ഒക്‌ടോബറിലാണ് കേസിന്റെ തുടക്കം. ദുബായില്‍ താമസക്കാരനായ മനോജ് പ്രസാദ് എന്നയാളെ സി.ബി.ഐ അറസ്റ്റു ചെയ്തതോടെയാണിത്. ഒരാഴ്ച കഴിഞ്ഞ ദേവേന്ദ്ര കുമാറിനെയും കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ ഗൂഢാലോന, അഴിമതി, പെരുമാറ്റദൂഷ്യം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് രാകേഷ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K