15 March, 2020 01:04:15 PM


ഞാന്‍ കറുമ്പിയും വിരൂപിയുമാണ്'; പൊട്ടിക്കരഞ്ഞ് നാലുവയസുകാരി; ആശ്വാസവുമായി സോഷ്യല്‍ ലോകം

'
1 hour ago

viral video

നിറത്തിന്റെ പേരില്‍ പരിഹാസ്യരായ പലരുടേയും കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു കൊച്ചു കുട്ടിയുടെ വേദനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയെ സങ്കടത്തിലാക്കിയിരിക്കുന്നത്. കറുത്ത നിറത്തെ ഓര്‍ത്ത് സങ്കടപ്പെടുന്ന നാലുവയസ്സുകാരിയുടെ വിഡിയോ ആണ് പുറത്ത് വന്നത്. അരിയോന എന്നാണ് കുട്ടിയുടെ പേര്. മുടി വെട്ടുന്നതിനിടയിലാണ് അവള്‍ സങ്കടപ്പെട്ടത്.

മുടിവെട്ടുന്നതിനായി ഹെയര്‍സ്‌റ്റൈലിസ്റ്റിനടുത്ത് എത്തിയപ്പോള്‍, സാധാരണ എല്ലാവരുടേയും മുടി വെട്ടുന്ന വിഡിയോ പകര്‍ത്താറുള്ള അവര്‍ അരിയോനയുടേയും വിഡിയോ പകര്‍ത്താന്‍ തുടങ്ങി. എന്നാല്‍ അരിയോന സങ്കടത്തോടെ തന്റെ കുറവുകളെ കുറിച്ച് പറയുകയായിരുന്നു. തനിക്ക് വെളുത്ത നിറവും രൂപവുമൊന്നുമില്ലെന്നും അതിനാല്‍ തന്നെ വിരൂപിയെന്ന് മറ്റുള്ളവര്‍ തന്നെ കണക്കാക്കുകയാണെന്നുമാണ് അവള്‍ സങ്കടത്തോടെ പറഞ്ഞത്. കുട്ടിയുടെ വാക്കുകള്‍ കേട്ടയുടനെ അവളെ കെട്ടിപ്പിടിച്ച് ഹെയര്‍സ്‌റ്റൈലിസ്റ്റ് സാന്ത്വനിപ്പിച്ചു.

നീ സുന്ദരിയാണെന്നും മനോഹരമായ നുണക്കുഴികളാണ് നിന്റെ യഥാര്‍ത്ഥ സൗന്ദര്യമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ വാക്കുകള്‍ അവളുടെ സങ്കടത്തെ മാറ്റാന്‍ കഴിഞ്ഞില്ല. അവള്‍ വീണ്ടും പൊട്ടിക്കരയുകയായിരുന്നു. കുഞ്ഞിന്റെ വിഡിയോ വൈറലായതോടെ മുന്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും അരിയോനയെ സമാധാനിപ്പിച്ച് രംഗത്തെത്തി. അരിയോന സുന്ദരിയും ധീരയും മൂല്യമുള്ളവളുമാണെന്ന് മിഷേല്‍ കുറിച്ചു. മിഷേലിനെ കൂടാതെ നിരവധി പ്രമുഖ താരങ്ങളൊക്കെ കുട്ടിയെ സമാധാനിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K