27 March, 2020 06:44:22 PM


തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ; നേതാവിന്‍റെ യാത്രയില്‍ ആശങ്കാകുലരായി കേരളീയര്‍



തൊടുപുഴ: കോവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. കാസര്‍കോട്ടാണ് ഇതില്‍ കൂടുതലുള്ളതെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍റെ യാത്രകളാണ്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കത്തിന്‍റെയും വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ച ഇദ്ദേഹത്തില്‍ നിന്നും വൈറസ് എത്ര പേരിലേക്ക് വ്യാപിച്ചിട്ടുണ്ടാകാം എന്ന ആശങ്കയിലാണ് കേരളമിപ്പോള്‍.


തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂര്‍, പാലക്കാട് ഷോളയൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍... ഇങ്ങനെ ഇദ്ദേഹം യാത്ര ചെയ്ത സ്ഥലങ്ങളുടെ നീണ്ട പട്ടികയാണ് റൂട്ട് മാപ്പായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍, സ്കൂളുകള്‍, പൊതു സ്ഥാപനങ്ങള്‍, സെക്രട്ടറിയറ്റ്, നിയമസഭാ മന്ദിരം ഇങ്ങനെ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റും ദൈര്‍ഘ്യമുള്ളതാണ്. സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളിലാകട്ടെ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഈ സഞ്ചരിച്ച സ്ഥലങ്ങളിലെയെല്ലാം ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമാവണമെന്നില്ലെന്നും പറയുന്നു.


അതേസമയം, തന്‍റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുള്ളതില്‍ വലിയ വേദനയും ദുഖവുമുണ്ടെന്ന നേതാവിന്‍റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാത്ര ചെയ്ത മേഖലകളില്‍ ബന്ധപ്പെടേണ്ടി വന്നിട്ടുള്ള തന്‍റെ ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രസ്താവന.


അതേസമയം, മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന അത്യന്തം വിഷമുമുണ്ടാക്കിയെന്ന് നേതാവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. വൈറസ് ബാധ മനപ്പൂര്‍വ്വം മറച്ചുവച്ച് യാത്രചെയ്തു എന്നതരത്തിലാണ് പ്രസ്താവന നടത്തിയത്. തിരുവനന്തപുരത്ത് ഇദ്ദേഹം എത്തുന്ന മാര്‍ച്ച് 11ന് തദ്ദേശീയരായ ആര്‍ക്കും യാത്രാ വിലക്കില്ല. ആര്‍ക്കും ഒരു ജാഗ്രതാ നിര്‍ദ്ദേശവുമില്ല. അദ്ദേഹത്തിനാണങ്കില്‍ പറയപ്പെടുന്ന ഒരു രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണിത് തിരിച്ചറിയുന്നത് ? രോഗസാധ്യത മുന്നില്‍ക്കണ്ട് കോറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയോ, അങ്ങനെ ആയിരിക്കുന്ന ഇടത്തില്‍നിന്നോ അല്ല നേതാവ് ഈ യാത്രകളൊക്കെ നടത്തിയതെന്നുമാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്.


സൈബര്‍ സേനയും മുഖ്യമന്ത്രിയും ഇതൊരവസരമായി കാണുകയാണ്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ രോഗബാധിതനാണന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം അത് പുറത്തുപറയുകയും വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ ദുരുദ്ദേശപരമായ പ്രസ്താവനയുടെ ചുവടുപിടിച്ച് സൈബറിടങ്ങളില്‍ നടക്കുന്ന ആക്ഷേപങ്ങളില്‍നിന്നും ട്രോളുകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നുമാണ് നേതാവിന്‍റെ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.


വാദപ്രതിവാദങ്ങള്‍ ഇങ്ങനൊക്കെ നടക്കുന്നുണ്ടെങ്കിലും, നേതാവിന്‍റെ റൂട്ട് മാപ്പില്‍ വിവരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയം ഉണ്ടായിരുന്നവര്‍ എത്രയും വേഗം ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K