07 April, 2020 10:26:58 PM


മതസമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീകൾ മറ്റു വീടുകളില്‍ താമസിച്ചു; തമിഴ്നാട് ആശങ്കയിൽ



ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു ശേഷം 530 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മതസമ്മേളനത്തിൽ പങ്കെടുത്തവരോ ഇവരുമായി നേരിട്ടു സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോ ആണ് ഒട്ടുമിക്ക ആളുകളും. കോവിഡ് ബാധിച്ചു മരിച്ച അഞ്ചിൽ നാലു പേർക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നുള്ളതും ആശങ്കയ്ക്കിടയാക്കുന്നു.

മതസമ്മേളനത്തിൽ വനിതകൾ പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെ പങ്കെടുത്ത സ്ത്രീകൾ തമിഴ്നാട്ടിൽ തിരിച്ചെത്തി മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളിൽ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് റിപ്പോര്‍ട്ട് നൽകി. പള്ളിയിൽ താമസിക്കുക എന്ന പുരുഷന്മാരുടെ രീതിയിൽ നിന്നു വ്യത്യസ്തമായി ചെല്ലുന്ന സ്ഥലങ്ങളിലെ വീടുകളിൽ അതിഥികളായി താമസിച്ചാണ് സ്ത്രീകൾ മതപ്രബോധനം നടത്തിയതെന്നതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണ്.


ഇത്തരം സ്ഥലങ്ങൾ കണ്ടെത്താനും താമസിച്ച ആളുകളെ കണ്ടെത്താനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടാസ്ക് ഫോഴ്സ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. തബ്‌ലീഗ് ജമാഅത്തിന്റെ കോർഡിനേറ്ററുമായി ബന്ധപ്പെട്ട് വനിതാ പ്രചാരകരെ കണ്ടെത്തി ഇവർ താമസിച്ച സ്ഥലങ്ങളിലും വീടുകളിലും ഐസലേഷൻ നടപടികൾ നടപ്പാക്കാനുമുള്ള ശ്രമം നടക്കുകയാണ്. അതേസമയം, തമിഴ്നാട്ടില്‍ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് നിലവില്‍ ആശ്വാസം നല്‍കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K