14 April, 2020 11:59:54 PM


'അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രയിൻ റെഡി'; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി



മുംബൈ: കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചത്തേക്ക് കൂടി രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മുംബൈയിലെ ബാന്ദ്രയിൽ അന്യസംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് എത്തിയത്. ആയിരത്തോളം കുടിയേറ്റ തൊഴിലാളികളാണ് തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണമെന്നും അതിനുള്ള ഗതാഗത സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ബാന്ദ്ര ബസ് സ്റ്റാൻഡിൽ എത്തിയത്. ഒടുവിൽ ഇവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.


അതേസമയം, കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് കൊണ്ടുപോകാൻ ട്രയിൻ തയ്യാറാണെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു. ട്വിറ്ററിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടുമെന്നും അനിൽ ദേശ്മുഖ് വ്യക്തമാക്കി.


ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ആയിരുന്നു സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യമായ ഗതാഗതസംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര ബസ് സ്റ്റാൻഡിൽ എത്തിയത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാൻഡിൽ വൈകുന്നേരം നാലുമണിയോടു കൂടിയാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K