07 May, 2020 08:32:39 AM


വി​ശാ​ഖ​പ​ട്ട​ണ​ത്ത് പോ​ളി​മ​ർ ക​മ്പ​നി​യി​ൽ രാ​സ​വാ​ത​കം ചോ​ർ​ന്നു; എട്ട് മ​ര​ണം



​വിശാ​ഖ പ​ട്ട​ണം:​ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ്​ ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ എട്ട്​ വയസ്സുകാരിയാണ്​. മരണസംഖ്യ ഉയരുമെന്നാണ്​ സൂചന.


വ്യാഴാഴ്​ച പുലര്‍ച്ച മൂന്നോടെയാണ്​​ ചോര്‍ച്ച ഉണ്ടായത്​. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും അഗ്​നശമന സേനയും പൊലീസും സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​. വിഷവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവരെ ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​. 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ വിവരം.


50ഓളം പേര്‍ റോഡുകളില്‍ വീണുകിടക്കുന്നതായി സര്‍ക്കിള്‍ ഇന്‍സ്​പെക്​ടര്‍ രാമണയ്യ അറിയിച്ചു. രണ്ട്​ മണിക്കൂര്‍ കൊണ്ട്​ സ്​ഥിതി നിയന്ത്രവിധേയമാക്കാന്‍ കഴിയുമെന്ന്​ ജില്ല കലക്​ടര്‍ വി. വിനയ്​ ചന്ദ്​ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നവര്‍ക്ക്​ ആവശ്യമായ ഓക്​സിജന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടന്നയുടന്‍​ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്​സാക്ഷികള്‍ പറയുന്നു. ആയിരത്തിലധികം പേരെയാണ്​ വിഷവാതക ചോര്‍ച്ച നേരിട്ട്​ ബാധിച്ചത്​. നിരവധി പേര്‍ ബോധരഹിതരായി വീടുകളിലും റോഡുകളിലും വീണു. പലരും സമീപത്തെ അഴുക്കുചാലുകളിലാണ്​ വീണുകിടക്കുന്നത്​. മനുഷ്യര്‍ക്ക്​ പുറമെ കന്നുകാലികളും ദുരന്തത്തിന്​ ഇരയായി​.


അഞ്ച്​ കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്​. വിഷവാതകം ശ്വസിച്ച്‌​ ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു​. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതര്‍​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ്​ വാതകം ചോര്‍ന്നത്​​. 1961ല്‍ ഹിന്ദുസ്​ഥാന്‍ പോളിമേര്‍സ്​ എന്ന പേരിലാണ്​ ഈ സ്​ഥാപനം തുടങ്ങുന്നത്​. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.


സംഭവത്തെക്കുറിച്ച്‌​ അന്വേഷണം പ്രഖ്യാപിച്ചതായി ആ​ന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വെ.എസ്​. ജഗന്‍മോഹന്‍ റെഡ്ഡി അറിയിച്ചു. ജില്ല ഭരണകൂടത്തോട്​ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്​. സ്​ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K