13 June, 2020 10:18:15 AM


കുമരകം ചെങ്ങളത്ത് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ

 

കുമരകം: ചെങ്ങളം കടത്തുകടവ് തോട്ടിൽ കാണാതായ വയോധികയുടെ മൃതശരീരം കണ്ടുകിട്ടി. കുമരകം കണ്ണാടിച്ചാൽ കൊല്ലകരി തോട്ടിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതശരീരം കണ്ടുകിട്ടിയത്.


ചെങ്ങളം കുന്നുംപുറത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പെണ്ണമ്മയെ(90) ആണ് മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ കാണാതായത്. കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും മുങ്ങൽ വിദ്്ഗദരും മീനച്ചിലാറിന്റെ ആഴങ്ങളിൽ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.



കൊല്ലകരി നിവാസികൾ അറിയച്ചതിനെ തുടർന്ന് കുമരകം പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമാർട്ടം നടപടികൾക്കായി ഒരു മണിയോടെ മൃതശരീരം കുമരകത്തു നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.


കുമരകം ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സത്യൻ , സണ്ണി മോൻ , വനിത പോലീസ് ഓഫീസർ റെജിമോൾ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ ശവസംസ്‌കാരം നടത്തി. മക്കൾ : രമണി ,സതി , ലീല , മണിയമ്മ , ഓമനക്കുട്ടൻ , വേണുക്കുട്ടൻ .മരുമക്കൾ : വേലായുധൻ , ഉണ്ണി , കുമാരൻ , മോഹനൻ ,ലളിത , ലത.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K