19 July, 2020 09:11:29 AM
വയോധികരായ അമ്മയും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍

നെടുങ്കണ്ടം: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുഷ്‌പകണ്ടം കാനത്തില്‍ പരേതനായ വാമദേവന്റെ ഭാര്യ ലളിത(62 ), ലളിതയുടെ അമ്മ മീനാക്ഷിയമ്മ (86) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലളിതയെ തൂങ്ങി മരിച്ച നിലയിലും, മീനാക്ഷിയമ്മയെ തൂങ്ങിയ കയറില്‍നിന്നും അറുത്തിട്ട നിലയിലുമാണ് കണ്ടെത്തിയത്. ലളിതയുടെ കൈ ഞരമ്പുകള്‍ മുറിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ഇരുവരെയും കാണാത്തതിനാല്‍ പ്രദേശവാസി സ്‌ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് അകത്തെ മുറിയില്‍ മരിച്ച് കിടക്കുന്നതുകണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി. രാജ് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിനുള്ളില്‍ പരിശോധന നടത്തി. കിടക്കയില്‍നിന്നു രക്‌തക്കറ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ചപ്പോള്‍ ബെഡില്‍ രക്‌തം പുരണ്ടതെന്നാണ് നിഗമനം. വീടിന്റെ പ്രധാന വാതില്‍ അകത്തുനിന്നും അടുക്കള വാതില്‍ പുറത്തുനിന്നുമാണ് പൂട്ടിയിട്ടിരുന്നത്. അടുക്കള വാതില്‍ തുറന്നാണ് പോലീസ് അകത്ത് കയറിയത്. മൃതദേഹങ്ങള്‍ കോവിഡ് ടെസ്‌റ്റിനു വിധേയമാക്കും. ഫലം വന്നശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തും.
നെടുങ്കണ്ടം പോലീസ് ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെടുങ്കണ്ടം പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി അറിയിച്ചു. സന്തോഷ്, വിനോദ്, വിനീത എന്നിവരാണ് ലളിതയുടെ മക്കള്‍: മരുമകന്‍: അനില്‍