02 December, 2020 08:13:35 PM


അദ്വൈതാശ്രമം നിര്‍മിച്ചുനല്‍കിയ വീട് സര്‍ക്കാരിന്‍റെ 'ലൈഫ് മിഷന്‍ പദ്ധതിയില്‍'



കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ചുനല്‍കിയ വീട് സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയില്‍. കൊളത്തൂര്‍ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്‍റെ വീടിനുമേലെയാണ് അത്തോളി ഗ്രാമപഞ്ചായത്ത് വിചിത്രമായ അവകാശം ഉന്നയിച്ചിരിക്കുന്നത്. സിപിഎം നേതാവ് ചിറ്റൂര്‍ രവീന്ദ്രന്‍ പ്രസിഡന്‍റായുള്ള ഇടതുപക്ഷ ഭരണ സമിതിയാണ് അത്തോളി ഗ്രാമ പഞ്ചായത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്.


2016 ഒക്ടോബര്‍ ഒന്നിനു നടന്ന കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിലാണു മംഗളാലയം പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കൊളത്തൂര്‍ ഗ്രാമത്തില്‍ താമസയോഗ്യമായ വീടില്ലാത്തതോ ഭവനരഹിതമോ ആയ കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാനുള്ള പദ്ധതിയാണു മംഗളാലയം. ഇതിന്‍റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കപ്പെട്ട വീടുകളില്‍ ഒന്നാണ് എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്‍റേത്. ഗൃഹപ്രവേശം നടത്തി ഗിരീഷും കുടുംബവും ഈ വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തു.


ഈ വീടാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയതാണെന്ന വിചിത്രമായ അവകാശ വാദവുമായി അത്തോളി പഞ്ചായത്ത് അധികൃതര്‍ രംഗത്തു വന്നിരിക്കുന്നത്. പഞ്ചായത്ത് പുറത്തിറക്കിയ നേര്‍ക്കാഴ്ചയെന്ന വികസന പത്രികയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടെന്ന അടിക്കുറിപ്പോടെ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്‍റെ വീടിന്‍റെ ചിത്രവും കൊടുത്തിട്ടുണ്ട്.  വീടുണ്ടാക്കാന്‍ പഞ്ചായത്ത് ഒരു സഹായവും ചെയ്തിട്ടില്ല എന്നിരിക്കെ ഇത്തരമൊരു അവകാശവാദം എങ്ങനെ വന്നു എന്ന ചിന്തയിലാണ് വീട്ടുടമസ്ഥന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K