07 February, 2021 01:40:24 PM


ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞ് വെള്ളപ്പൊക്കം; 150ഓളം പേരെ കാണാനില്ല



ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ വെള്ളപ്പൊക്കം. അപകടത്തെതുടര്‍ന്ന് 150ല്‍ പരം ആളുകളെ കാണാതായി. ചമോലിയിലെ റെനി ഗ്രാമത്തിന് സമീപമാണ് വൻ പ്രളയം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.


'ചമോലി ജില്ലയിൽ ഒരു ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും ദുരന്ത നിവാരണ വിഭാഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന മറ്റ് അഭ്യൂഹങ്ങൾ അവഗണിക്കുക' എന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചിരിക്കുന്നത്.

ചമോലിയിലെ ജോഷിമത് പ്രദേശത്തെ ഗ്രാമത്തിൽ ഇപ്പോൾ തന്നെ രക്ഷാസംഘം എത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്തോ-തിബറ്റൻ ബോർഡർ പൊലീസും സ്ഥലത്തേക്ക് എത്തുന്നുണ്ട്. പ്രളയം കടുത്ത ദുരന്തം വിതച്ചിട്ടുണ്ടെന്നും അപകടങ്ങൾ ഭയക്കുന്നുണ്ടെന്നുമാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K