08 March, 2021 01:26:40 PM


'സെക്സ് ഈസ് നോട്ട് എ പ്രോമിസ്'; നിര്‍ണായക വിധിയുമായി സുപ്രീം കോടതി



ദില്ലി: വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. വിവാഹ വാഗ്ദാനം നല്‍കിയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. വിവാഹ വാഗ്ദാനം നല്‍കിയതുകൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.


ഉത്തര്‍പ്രദേശ് സ്വദേശിയായ 30 വയസുകാരന്‍ തന്‍റെ പെണ്‍സുഹൃത്തിന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് അത് പൂര്‍ത്തീകരിക്കാനാകാതെ വരികയും ചെയ്തു. തുടര്‍ന്ന് ഈ പെണ്‍കുട്ടി ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധിയുണ്ടായത്.


ഈ കേസില്‍ പ്രതിക്കെതിരായ വിധിയാണ് നേരത്തെ വിചാരണ കോടതിയില്‍ നിന്നുമുണ്ടായത്. അത് നിലനില്‍ക്കെയാണ് പ്രതി സുപ്രീകോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം ചെയ്യുന്ന സമയം സത്യസന്ധമായാണ് താന്‍ വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാനാകാതെ വരികയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രതിയെ വെറുതെ വിട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K