11 April, 2021 11:04:04 PM
കോവിഡ് മരുന്നിന് ക്ഷാമം; റെംഡെസിവിര്‍ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ റെംഡെസിവിര്‍ മരുന്നും ഇഞ്ചക്ഷനും കയറ്റുമതി ചെയ്യുന്നതിന് രാജ്യം നിരോധനം ഏർപ്പെടുത്തി. എല്ലാ ആഭ്യന്തര ഉത്പാദകരും കൈവശമുള്ള ഇഞ്ചക്ഷന്റെ സ്റ്റോക്കും, വിതരണത്തെ കുറിച്ചുള്ള വിവരങ്ങളും സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കി.
മരുന്നിന്‍റെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി ഡ്രഗ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെംഡെസിവിര്‍ ഉത്പാദനം വർധിപ്പിക്കുന്നതിനായി എല്ലാ ആഭ്യന്തര ഉത്പാദകരുമായും ഫാർമസ്യൂട്ടിക്കൽ വകുപ്പ് ബന്ധപ്പെട്ട് വരികയാണ്. ഇന്ത്യയിൽ ഏഴ് കമ്പനികളാണ് റെംഡെസിവിര്‍ ഇഞ്ചക്ഷൻ ഉത്പാദിപ്പിക്കുന്നത്.
സങ്കീർണ ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്ന കോവിഡ് ബാധിതരിൽ വൈറസ് ബാധക്ക് എതിരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് റെംഡെസിവിര്‍ ഇഞ്ചക്ഷൻ. ആന്റി വൈറൽ മരുന്നുകൾക്കും ഇഞ്ചക്ഷനും ക്ഷാമമുണ്ടെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് കയറ്റുമതി നിരോധനം നടപ്പിലാക്കിയത്. കോവിഡ് നിരക്ക് ഉയരുന്നതിനിടെ, ചില സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നിലെ നീണ്ട ക്യു വാര്‍ത്തയായിരുന്നു.
                                
                                        



