19 April, 2021 04:20:08 PM


രാജ്യതലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ



ദില്ലി: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹിയും. തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾ, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


വിവാഹ ചടങ്ങുകളിൽ അമ്പതിൽ കൂടുതൽ ആളുകൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. വിവാഹത്തിന് എത്തുന്ന ഓരോരുത്തർക്കും പ്രത്യേകം പാസുകൾ നൽകും. ഏപ്രിൽ 26 രാവിലെ ആറ് മണി വരെയാണ് ലോക്ക്ഡൗൺ. താത്കാലിക ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഡൽഹി വിട്ടു പോകേണ്ടതിന്റെ ആവശ്യമില്ലെന്നും കെജ്രിവാൾ അറിയിച്ചിട്ടുണ്ട്. 
രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക, സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന എഴുപതിനായിരത്തോളമായി.


ഞായറാഴ്ച്ച മാത്രം 23,000 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും പുതിയ 25,000 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസവും ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ തലസ്ഥാനത്തെ ആരോഗ്യസംവിധാനം തകരുമെന്ന ആശങ്കയും കെജ്രിവാൾ പങ്കുവെച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K