25 April, 2021 03:29:16 PM


വരന് കോവിഡ്, പിപിഇ കിറ്റ് ധരിച്ച് വധു; വിവാഹവേദിയായി ആലപ്പുഴ മെഡിക്കൽ കോളേജ്



ആലപ്പുഴ: വിവാഹം നിശ്ചയിച്ചു കഴിഞ്ഞ ശേഷം വരന് കോവിഡ് പിടിപെട്ടതോടെ വധു പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തി വിവാഹ ചടങ്ങ് നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരന് കോവിഡ് -19 സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അലപ്പുഴയിലെ കൈനകരി സ്വദേശികളായ ശരത് മോനും അഭിരാമിയും തമ്മിലുള്ള വിവാഹമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ നടന്നത്.


വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. മുൻ നിശ്ചയപ്രകാരം ഏപ്രിൽ 25നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹ ഒരുക്കങ്ങൾക്കിടെ ശരത് മോന് പോസിറ്റീവ് സ്ഥിരീകരിച്ചു. പിന്നീട് ശരത്തിന്‍റെ അമ്മയ്ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. ശരത്തും അമ്മ ജിജിമോളും ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറി.


ഇതോടെ വിവാഹം നടത്തിപ്പ് അനിശ്ചിതത്വത്തിലായി. എന്നാൽ വരന്‍റെ വധുവിന്‍റെയും ബന്ധുക്കൾ കൂടിയാലോചിച്ച് വിവാഹം മുൻ നിശ്ചയപ്രകാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടറിൽ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം കോവിഡ് വാർഡിനുള്ളിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് വധു പി‌പി‌ഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിനുള്ളിൽ എത്തി. വരന്റെ അമ്മ ദമ്പതികൾക്ക് താലിയും മാലയും എടുത്തു നൽകി. അങ്ങനെ വിവാഹം മുടക്കമില്ലാതെ നടത്താനായതിന്‍റെ ആശ്വാസത്തിലാണ് നവദമ്പതികൾ. വിവാഹശേഷം അഭിരാമി, ശരത്തിന്‍റെ വീട്ടിലേക്കു പോയി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K