04 May, 2021 03:16:37 PM


ബംഗാളില്‍ വ്യാപക അക്രമം: 12 പേര്‍ കൊല്ലപ്പെട്ടു; ആരോപണങ്ങളുമായി പാര്‍ട്ടികള്‍



കൊല്‍ക്കത്ത: വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമം. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ആറ് പേർ പാർട്ടി പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. പശ്ചിമ ബംഗാൾ ഗവർണ്ണറുമായി നരേന്ദ്ര മോദി സംസാരിച്ചു. പാർട്ടിപ്രവർത്തകർ സമാധാനം പാലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എട്ടുപേർ കൊല്ലപ്പെട്ടുവെന്ന വാർത്ത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

അതേസമയം, തൃണമൂലിന്‍റെ ​ഗുണ്ടകളാണ് പാർട്ടി ഓഫീസുകൾ തകർത്തതെന്നും മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാർട്ടി ഓഫീസും തകർത്തവയിൽ ഉൾപ്പെടുന്നുവെന്നും ബി.ജെ.പി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ആരോപണങ്ങൾ നിഷേധിച്ച് തൃണമൂൽ കോൺ​ഗ്രസും രം​ഗത്തെത്തി. ബി.ജെ.പിയുടെ അക്രമത്തിൽ ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തക൯ കൊല്ലപ്പെട്ടുവെന്നും നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തകനും കൊല്ലപ്പെട്ടതായി കോൺഗ്രസ്-ഇടതുപക്ഷ സഖ്യം രൂപീകരിച്ച ഇന്ത്യ൯ സെക്കുലർ ഫ്രണ്ടും ആരോപിച്ചു.

പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ബംഗാൾ സന്ദർശിക്കുന്നുണ്ട്. ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. അക്രമങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സി.പി.എം ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സി.പി.എമ്മും ആരോപിച്ചു. കൊവിഡ് പ്രതിരോധിക്കേണ്ട സമയത്താണ് തൃണമൂൽ അരാജകത്വം അഴിച്ചു വിടുന്നതെന്നും ഇത് ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K