07 May, 2021 05:19:55 PM


ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാർ പുതുച്ചേരിയിൽ അധികാരമേറ്റു



പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിലിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകത്തിന് ശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എൻഡിഎ സർക്കാരാണ് പുതുച്ചേരിയിലേത്.


71കാരനായ എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് ഇതു നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും മുതിർന്ന നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന.


നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ൽ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് എൻആർ കോൺഗ്രസ്- ബിജെപി സഖ്യം അധികാരത്തിലെത്തിയത്. എൻആർ കോൺഗ്രസ് പത്ത് സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായ ബിജെപി ആറു സീറ്റിലും ജയിച്ചു.  പുതുച്ചേരിയിൽ ആദ്യമായിട്ടാണ് എൻഡിഎ സർക്കാർ രൂപീകരിക്കുന്നത്. ഫെബ്രുവരിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ഭരിച്ച കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് ലഭിച്ചത്. സഖ്യ കക്ഷിയായ ഡിഎംകെ മത്സരിച്ച 13 സീറ്റുകളിൽ ആറിടത്ത് വിജയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K