09 May, 2021 12:47:59 PM
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ജയ്പൂർ : കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 21നാണ് ഖീര്‍വ ഗ്രാമത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാരം നടന്നത്. 150 ഓളം പേരാണ് ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
പൊതിഞ്ഞുകൊണ്ടുവന്ന മൃതദേഹത്തിന്റെ കവര്‍ മാറ്റി നിരവധി പേര്‍ മൃതദേഹത്തില്‍ തൊട്ട് അന്തിമോപചാരം അര്‍പ്പിച്ചു. ഇതിന് പിന്നാലെ പലരും കൊവിഡ് ലക്ഷണം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസരയുടെ മണ്ഡലത്തില്‍ നടന്ന അത്യാഹിതത്തെക്കുറിച്ച് അദ്ദേഹം തന്നെയാണു സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവച്ചത്. അതേസമയം 21 പേരും കൊവിഡ് ബാധിച്ച് മരിച്ചതല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.
                                
                                        



