10 May, 2021 08:40:41 PM


സൗജന്യ ഭക്ഷണവുമായി ഹരിപ്പാട് കമ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും



 
ആലപ്പുഴ: കോവിഡ് 19 രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ വിശപ്പകറ്റി ജനകീയ ഹോട്ടലുകളും കമ്യൂണിറ്റി കിച്ചണുകളും. ഹരിപ്പാട് ബ്ലോക്ക് പരിധിയിലുള്ള ചെറുതന, കരുവാറ്റ ഗ്രാമപഞ്ചായത്തുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണമായും കണ്ടെയിൻമെന്റ് സോണാക്കി അടച്ചിട്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ചെറുതന ഗ്രാമപഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. 55 ഓളം പേർക്കാണ് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുന്നത്. സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.

കരുവാറ്റ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ വഴിയാണ് ഭക്ഷണ വിതരണം. കരുവാറ്റയിൽ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിർവ്വഹിച്ചു.
വീയപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനനമാരംഭിച്ചിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച സന്നദ്ധ സംഘടനയായ 'സ്റ്റാർ ' എന്ന കൂട്ടായ്മയാണ് കമ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്.


ഹോം ക്വാറന്റൈനിലുള്ളവർക്കും കിടപ്പുരോഗികൾക്കുമടക്കം 80 ഓളം ഭക്ഷണ പൊതികളാണ് വീയപുരം പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ വഴിയാണ് ഭക്ഷണ വിതരണം. ഇവിടെ ദിവസേന 35 ഓളം പേർക്ക് ഭക്ഷണം സൗജന്യമായി നൽകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിലും ദിവസേന 10 പേർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം നൽകുന്നുണ്ട്. ഹരിപ്പാട് നഗരസഭയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്ക് അടുത്ത ദിവസം മുതൽ ഭക്ഷണം എത്തിച്ചു നൽകും. വാർഡ് തല ജാഗ്രതാ സമിതി നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിലാകും ഭക്ഷണ വിതരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K