12 May, 2021 04:58:03 PM


ഭാരത് ബയോടെക് വാക്സിന്‍ നല്‍കാന്‍ വിസമ്മതിച്ചു; പിന്നില്‍ കേന്ദ്രം - ദില്ലി ഉപമുഖ്യമന്ത്രി



ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് കോവിഡ് വാക്സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചതായി ഡല്‍ഹി സര്‍ക്കാര്‍. കോവാക്സിന്‍റെയും കോവിഷീൽഡിന്‍റെയും 67 ലക്ഷം ഡോസ് വീതമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും വാക്സിൻ വിതരണം ചെയ്യാൻ കഴിയില്ലെന്നുമാണ് ഭാരത് ബയോടെക് സർക്കാരിനെ അറിയിച്ചതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.


സംസ്ഥാനത്ത് വാക്സിന്‍റെ കരുതൽ ശേഖരം തീർന്നു. നിലവില്‍ കോവിഷീൽഡ് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോവാക്സിൻ കുത്തിവെപ്പിനായി 17 സ്കൂളുകളിലായി സജ്ജീകരിച്ച 100 വാക്സിൻ കേന്ദ്രങ്ങൾ ഇതിനോടകം അടച്ചുവെന്നും സിസോദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാക്സിൻ സംബന്ധമായ എല്ലാ കയറ്റുമതിയും കേന്ദ്രസർക്കാർ നിർത്തിവയ്ക്കണമെന്നും വാക്സിൻ നിർമാണത്തിന് കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വിദേശത്തുനിന്ന് കൂടുതൽ വാക്സിൻ ഡോസുകൾ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കേണ്ടത് കേന്ദ്രസർക്കാരിന്‍റെ ഉത്തവാദിത്വമാണെന്നും ഈ രാജ്യത്തിന്‍റെ സര്‍ക്കാരായി കേന്ദ്രം പ്രവർത്തിക്കണമെന്നും സിസോദിയ പറഞ്ഞു. 6.6 കോടി ഡോസ് വാക്സിൻ കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതതാണ് രാജ്യത്തെ വാക്സിൻ ക്ഷാമത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K