12 May, 2021 08:26:56 PM


കോവിഡ് രൂക്ഷമായ ജില്ലകളില്‍ എട്ട് ആഴ്ച വരെ ലോക്ക്ഡൗണ്‍ തുടരണം - ഐസിഎംആര്‍ മേധാവി



ദില്ലി: കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക്ഡൗണ്‍ തുടരണമെന്ന് ഐ.സി.എം.ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിലധികമാണ്.


ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍പെടുന്നു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിക്കുന്നത്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതല്‍ പത്തു ശതമാനംവരെയുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താം. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.


ആറു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍, തലസ്ഥാന നഗരി നാളെ തുറന്നാല്‍ അത് വന്‍ദുരന്തമായിരിക്കുമെന്നും ഡോ. ഭാര്‍ഗവ മുന്നറിയിപ്പു നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവാനുള്ള കാരണം തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളുമാണെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു.


കോവിഡ് കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നത് സാമാന്യ ബോധമാണെന്നും അദ്ദേഹം പ്രതികരിച്ചു. പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള മേഖലകള്‍ അടച്ചിടണമെന്ന് ഏപ്രില്‍ 15നു ചേര്‍ന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അത് ഉടനടി അംഗീകരിക്കപ്പെട്ടില്ലെന്നും ഡോ. ഭാര്‍ഗവ ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K