15 May, 2021 01:44:41 PM


ആലപ്പുഴയില്‍ കനത്ത കാറ്റും മഴയും: വ്യാപക നാശനഷ്ടം; കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു



ആലപ്പുഴ : ആലപ്പുഴയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വൈദ്യുതി ബന്ധം ഇതുവരെ പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. വ്യാപക കൃഷിനാശവും ഉണ്ട്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.


പുറക്കാട് മുതല്‍ ഒറ്റമശേരി വരെയുള്ള തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. മേഖലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളുടെ എണ്ണം 15 ആണ്. ദേശീയ ദുരന്ത നിവാരണ സേന ദൗത്യസംഘത്തെ തീരദേശമേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ കൈനകരി, കാവാലം, ചമ്പക്കുളം, മാണിക്യ വിളാകം മേഖലകളില്‍ വ്യാപകമായി വെള്ളം കയറി. മഴ ശക്തമായതും കിഴക്കന്‍ വെള്ളത്തിന്റെ വരവുമാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്.


പാചകം ചെയ്യാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഈ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍. മടകുത്തല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവാത്തതും ഇത് തുറക്കുന്നതിനുള്ള കാലതാമസവുമാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചത്. പാടശേഖരങ്ങള്‍ എല്ലാം പൂര്‍ണമായും നിറഞ്ഞു കവിഞ്ഞു കുഞ്ഞു ചെറുതുരുത്തുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K