10 June, 2021 10:26:34 AM


'താടിയല്ല വളർത്തേണ്ടത്...'; പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാൻ 100 രൂപ അയച്ച് ചായവിൽപ്പനക്കാരന്‍



മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടി വടിയ്ക്കാൻ പണം അയച്ച് ചായ വിൽപ്പനക്കാരൻ. മഹാരാഷ്ട്രയിലെ ബരാമതിയിൽ നിന്നുള്ള ഒരു ചായക്കടക്കാരൻ ആണ് ഷേവ് ചെയ്യുന്നതിനായി പ്രധാനമന്ത്രിക്ക് നൂറു രൂപ മണിയോർഡർ അയച്ച് നൽകിയത്. കോവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഒക്കെയായി കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തെ അസംഘടിത തൊഴിൽ മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ അസ്വസ്ഥനായാണ് അനിൽ മോർ എന്ന ചായ വിൽപ്പനക്കാരൻ ഇത്തരമൊരു നീക്കം നടത്തിയത്. ഇന്ദപുർ റോഡില്‍ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം ഒരു ചെറിയ ചായക്കട നടത്തി വരികയാണ് അനിൽ.

'പ്രധാനമന്ത്രി തന്‍റെ താടി വളർത്തുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വര്‍ധിപ്പിക്കണമെന്നുണ്ടെങ്കിൽ അത് ഈ രാജ്യത്തെ ജനങ്ങൾക്കുള്ള തൊഴിലവസരങ്ങളാണ്. ജനങ്ങൾക്ക് വാക്സിനേഷൻ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും. കഴിഞ്ഞ രണ്ട് ലോക്ക്ഡൗണുകൾ സൃഷ്ടിച്ച ദുരിതത്തിൽ നിന്നും ജനങ്ങൾ കരകയറിയെന്ന് പ്രധാനമന്ത്രി ഉറപ്പാക്കേണ്ടതുണ്ട്' അനിൽ പറയുന്നു.

പ്രധാനമന്ത്രി എന്ന പദവി രാജ്യത്തെ ഏറ്റവും ഉന്നതപദവി തന്നെയെന്ന് അവകാശപ്പെടുന്ന അനിൽ തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം ബഹുമാനവും ആദരവും ഉണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. 'നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ആദരവും ബഹുമാനവും ഉണ്ട്. അദ്ദേഹത്തിന് ഷേവ് ചെയ്യുന്നതിനായി എന്‍റെ സമ്പാദ്യത്തിൽ നിന്നും നൂറു രൂപ അയക്കുകയാണ്. പരമാധികാരിയായ അദ്ദേഹത്തെ വേദനപ്പിക്കുന്നത് എന്നതല്ല ഉദ്ദേശം.


പക്ഷെ ദരിദ്രരുടെ പ്രശ്നങ്ങൾ ദിനംതോറും വർധിച്ച് വരുന്ന ഈ മഹാമാരിക്കാലത്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതാണ് വഴി' എന്നായിരുന്നു അനിലിന്‍റെ വാക്കുകൾ. ഇതിന് പുറമെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് 30000 രൂപയും ധനസഹായം നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K