16 September, 2021 10:07:35 AM
മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു; കോട്ടയത്ത് ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കോട്ടയം: മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പുതുപ്പള്ളിയിൽ നിന്നാണ് ഏഴു വർഷം നീണ്ട പീഡനത്തിന്റെ വിവരം പുറത്തുവരുന്നത്. യുവതിയെ തുടർച്ചയായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് പരാതി. പുതുപ്പള്ളി എരമല്ലൂർ കുന്നുംപുറത്ത് ജെലീഷ് ജനാർദ്ദനനെ(32) ആണ് പോലീസ് ക്രൂരമായ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
ഏഴു വർഷം മുമ്പാണ് പീഡനത്തിന്‍റെ തുടക്കം. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മയക്കുമരുന്ന് മുന്തിരി ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. തുടർന്ന് ബലാൽസംഗം ചെയ്തുവെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടി അറിയാതെ അന്ന് ക്യാമറയിൽ രംഗം പകർത്തിയിരുന്നതായും പിന്നീട് പെൺകുട്ടിക്ക് മനസ്സിലായി. ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തുടർന്ന് പീഡിപ്പിച്ചത് എന്ന് പെൺകുട്ടി കോട്ടയം ഈസ്റ്റ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏഴുവർഷം നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി. അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതി ജെലീഷ് ജനാർദ്ദനൻ പെൺകുട്ടിയെ സമീപിച്ചതോടെയാണ് സംഭവം പോലീസ് കേസിലേക്ക് മാറിയത്. വലിയ തോതിലുള്ള ഭീഷണിപ്പെടുത്തൽ ആണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് പെൺകുട്ടി കോട്ടയം ഈസ്റ്റ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പല വിവാഹാലോചനകളും മുടക്കാനും പ്രതിയായ ജെലീഷ് ജനാർദ്ദനൻ തയാറായെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെ പൊലീസിനെ സമീപിച്ചത് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോഗ്രാഫറാണ് പ്രതിയായ ജെലീഷ് ജനാർദ്ദനൻ എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് മറ്റേതെങ്കിലും പെൺകുട്ടികളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇയാളുടെ ഭീഷണിയെ തുടർന്ന് ഏറെക്കാലമായി ഭയപ്പെട്ടു കഴിയുകയായിരുന്നു എന്ന പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ പരാതിയുമായി പെൺകുട്ടി പോലീസിനെ സമീപിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന ചിത്രങ്ങൾ പുറത്തു പോകുമോ എന്ന ഭയമായിരുന്നു ഇതുവരെയും പരാതി നൽകാതിരിക്കാൻ കാരണം.
ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഒടുവിൽ പരാതി നൽകാൻ തീരുമാനിച്ചത്. കോട്ടയം ജില്ലയിൽ നിന്ന് നിരവധി പീഡന വാർത്തകളാണ് സമീപ ദിവസങ്ങളിൽ പുറത്തുവന്നത്. ഏറെ കേസുകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളാണ്. കഴിഞ്ഞ ദിവസമാണ് രാമപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുണ്ടക്കയത്തും രണ്ടു പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് കോട്ടയം പുതുപ്പള്ളിയിൽ നിന്ന് ഏഴു വർഷം നീണ്ട ലൈംഗിക പീഡനത്തിന്റെ പരാതി പുറത്തുവന്നത്.





