24 November, 2021 09:28:59 PM
കോതനല്ലൂരില്‍ വ്യാപാരിയെ മര്‍ദ്ദിച്ച കഞ്ചാവ് മാഫിയാ സംഘത്തിലെ 5 പേര്‍ പിടിയില്‍

ഏറ്റുമാനൂര്‍: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മൊബൈലില്‍ പകര്‍ത്തിയ വ്യാപാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. അതിരമ്പുഴ കോട്ടമുറി ചെറിയപളളിക്കുന്നേല്‍ ബാബു ജേക്കബിന്റെ മകന്‍ ബിബിന്‍ ബാബു (25), അതിരമ്പുഴ കോട്ടമുറി കൊച്ചുപുരയ്ക്കല്‍ ബാബന്‍ മകന്‍ ആല്‍ബിന്‍ കെ ബോബന്‍ (22), കാണക്കാരി ചാത്തമല മാനഴിക്കല്‍ രാജുവിന്റെ മകന്‍ രഞ്ജിത്ത് മോന്‍ രാജു (25), അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം നാല്പാത്തിമല കരോട്ടുകാലാങ്കല്‍ ബിജുവിന്റെ മകന്‍ വിഷ്ണു പ്രസാദ് (21), കാണക്കാരി തുമ്പക്കരെ കണിയാംപറമ്പില്‍ സുരേന്ദ്രന്റെ മകന്‍ സുജേഷ് സുരേന്ദ്രന്‍ (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച കോതനല്ലൂര്‍ ചാമക്കാലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് ലഹരിയിലുള്ള സംഘത്തിന്റെ ഏറ്റുമുട്ടല്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതീഷ് അന്നാടിക്കലിനെ ഇദ്ദേഹത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴ, ഏറ്റുമാനൂര്‍, കാണക്കാരി മേഖലകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിപണനവും ഗുണ്ടാ പ്രവര്‍ത്തനവും നടത്തുന്ന വന്‍ റാക്കറ്റിലെ അംഗങ്ങളാണ് അറസ്റ്റിലായത്.
ഏറ്റുമാനൂര്‍ എസ്എച്ച്ഓ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ് ഐ ടി.എസ്.റനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാബു പി.ജെ, ഡെന്നി പി ജോയി, കടുത്തുരുത്തി സ്‌റ്റേഷനിലെ സിപിഓ പ്രവീണ്‍കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ ഡന്‍സാഫ് സംഘത്തിലെ അനീഷ് വി.കെ, അരുണ്‍കുമാര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.