29 January, 2022 09:11:57 PM


കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 31 മുതല്‍ തുറക്കും



ബെംഗളൂരു: കൊവിഡ് മൂന്നാംതരംഗ വ്യാപനത്തിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി കര്‍ണാടക സർക്കാർ. രാത്രി കാല കര്‍ഫ്യൂ പിൻവലിച്ചിട്ടുണ്ട്. സ്‌കൂളുകളും കൊളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കൊവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം.

നേരത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ സീറ്റിങ് കപ്പാസിറ്റിയനുസരിച്ച് ആളുകളെ കയറ്റാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.  

അതേ സമയം ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്‍റുകള്‍, ക്ലബ്ലുകള്‍, പബ്ബുകള്‍  എന്നിവ  പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വിവാഹ പാര്‍ട്ടികളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാകും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K