10 March, 2022 01:36:48 PM


യുപിയില്‍ തുടര്‍ഭരണം; ചരിത്രമെഴുതി യോഗി മോദിയുടെ പിൻഗാമിയാകുമോ?



ലഖ്നൗ: ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി യോഗി ആദിത്യനാഥിൻ്റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും. 37 വർഷത്തിന് ശേഷമാണ് ഉത്തർപ്രദേശിൽ ഒരു തുടർഭരണം ഉണ്ടാകുന്നത്. 1985ൽ കോൺഗ്രസാണ് അവസാനമായി ഉത്തർപ്രദേശിൽ തുടർഭരണം നേടിയത്. അന്ന് വീർ ബഹദുർ സിങിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് അധികാരത്തുടർച്ച നേടിയത്.

അപ്രതീക്ഷിതമായാണ് ഉത്തർപ്രദേശ് രാഷ്ടീയത്തിലേക്ക് യോഗി ആദിത്യനാഥ് കടന്നുവന്നത്. 2017ൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നയിച്ചത് കേശവ് പ്രസാദ് മൗര്യയായിരുന്നെങ്കിലും ഉത്തർപ്രദേശിനെ നയിക്കാൻ നിയോഗം യോഗിക്കായിരുന്നു. ശേഷം ഹിന്ദുത്വരാഷ്ട്രീയത്തിൽ യോഗി നയങ്ങൾക്ക് മേൽക്കൈ കിട്ടുന്നതാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ യോഗി പ്രചാരകനാകുന്നതും കണ്ടു. ഉത്തർപ്രദേശിൽ ഇക്കുറി മോദി ആദ്യം പിന്നിൽ നിന്നു. വികസനം തുടക്കത്തിൽ ചർച്ചയാക്കിയ യോഗി പിന്നീട് ധ്രുവീകരണത്തിൻ്റെ ആയുധങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. തീവ്രവാദിയായി പോലും അഖിലേഷ് യാദവിനെ മുദ്ര കുത്തി. ബംഗാളും, കേരളവും പോലെ ആകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ധ്രുവീകരണ ശ്രമം ആളി കത്തിച്ചു.

രണ്ടാം കൊവിഡ് തരംഗത്തിൽ ഏറെ പഴി കേട്ടെങ്കിലും അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ മേന്മകൾ അവകാശപ്പെട്ട് അവയുടെയൊക്കെ കറകളയാൻ യോഗിക്കായി. മോദിക്ക് ശേഷം ആരെന്ന ചർച്ച ദേശീയ രാഷ്ടീയത്തിൽ തുടങ്ങി വയ്ക്കാൻ കഴിഞ്ഞതും ആ മെയ് വഴക്കത്തിൻ്റെ ഫലമാണ്. അമിത് ഷായാണ് നേതൃനിരയിൽ രണ്ടാമതെങ്കിലും ഈ പ്രഭാവം നിലനിൽക്കുന്നത് യോഗിക്ക് ഗുണം ചെയ്യും. പാർട്ടിയുമായി കലഹിച്ച ചരിത്രമുണ്ടെങ്കിലും ആ കലഹങ്ങളിലേക്ക് വീണ്ടും മടങ്ങാതിരിക്കാൻ ഈ വിജയം യോഗിയെ പ്രേരിപ്പിക്കും.

യോഗിക്ക് എതിരെ നേര്‍ക്ക് നേര്‍ പോരാട്ടം നടത്തിയാണ് അഖിലേഷ് ഒടുവില്‍ ജനവിധിക്ക് മുമ്പില്‍ പിന്‍വാങ്ങുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ക്രമസമാധാന പ്രശ്നം വഷളാകുമെന്ന ബിജെപി പ്രചാരണം താഴെത്തട്ട് മുതല്‍ സമാജ് വാദി പാര്‍ട്ടിക്ക്  തിരിച്ചടിയായി. വൈകിയാണെങ്കിലും അട്ടിമറിയും അത്ഭുതവും പ്രതീക്ഷിച്ചാണ് രാഷ്ട്രീയ ഗോദയിലെ ഫയല്‍വാന്‍റെ മകന്‍ വീണ്ടും യുപി ജനതയ്ക്ക് മുന്നിൽ വോട്ട് ചോദിച്ചെത്തിയത്. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിനൊപ്പം കോണ്‍ഗ്രസിന്‍റെ വാത്സല്യം കൂടിയുള്ളത് പിന്നാക്ക വോട്ടുകളുടെ ഏകീകരണത്തിന് വഴിവയ്ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വികസനവും ഭരണവിരുദ്ധ വികാരവും ആളിക്കത്തിക്കാൻ ശ്രമിച്ചു അഖിലേഷ്. എന്നാല്‍ ബിജെപി പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ എസ്പിയിലെ സംഘടനാ സംവിധാനം പലപ്പോഴും കിതച്ചു.

പടിഞ്ഞാറന്‍ മേഖലയില്‍ ആര്‍എല്‍ഡി നല്‍കിയ മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു. കളത്തില്‍ ഇല്ലാതിരുന്ന ബിഎസ്പി വോട്ടുകള്‍ ഒപ്പംനിര്‍ത്താനായില്ല. എസ്പി വന്നാല്‍ 'ഗുണ്ടാരാജ്' എന്ന ആരോപണം യാദവ വോട്ടര്‍മാര്‍ പോലും ശരിവച്ചു. യോഗിയുടെ കേരള വിരുദ്ധ പരാമര്‍ശത്തിലെ എതിര്‍പ്പ് ഗുണമായില്ല. ആദ്യഘട്ടങ്ങളിലെ പോളിങ്ങില്‍ വോട്ടിങ് ശതമാനത്തില്‍ വലിയ മാറ്റം ഉണ്ടാക്കാനാകാത്തതും തിരിച്ചടിയായി. വികസന വിഷയങ്ങളേക്കാള്‍ രാമക്ഷേത്രനിര്‍മ്മാണവും ക്ഷേത്രവികസനവും വോട്ടായി. അങ്ങനെ ഇത്തവണയും ഹിന്ദുത്വ തരംഗത്തില്‍ അഖിലേഷിന് കാലിടറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K