20 March, 2022 08:14:52 PM


പഞ്ചാബില്‍ മന്ത്രിമാർക്ക് 'ടാർഗറ്റ്': പരാജയപ്പെട്ടാൽ അവർ പുറത്തേക്കെന്ന് കെജ്രിവാൾ



ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്‍റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ടാർഗെറ്റ് വച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാർട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഭഗവന്ത് മൻ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് പുതിയ സർക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേജ്‌രിവാളിന്‍റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ വൻ വിജയമാണ് നേടിയത്. ഈ ആഴ്ച ആദ്യം മുഖ്യമന്ത്രിയായി മൻ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്യുകയും പൊതുജനങ്ങൾക്ക് സുരക്ഷ നൽകുകയും ചെയ്തുവെന്നും കെജ്രിവാൾ പറഞ്ഞു. പാഴായ വിളകൾക്ക് നഷ്ടപരിഹാരം നൽകി. അഴിമതി വിരുദ്ധ സെല്ലും അദ്ദേഹം പ്രഖ്യാപിച്ചു.

പൊലീസ് സേനയിലെ 10,000 ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള 25,000 തസ്തികകൾ നികത്താനും മൻ അനുമതി നൽകി. എംഎൽഎ ജനങ്ങൾക്കിടയിൽ കറങ്ങിനടക്കും, ഗ്രാമങ്ങളിലേക്ക് പോകും എന്നതാണ് പാർട്ടിയുടെ നയമെന്നും കെജ്രിവാൾ പറഞ്ഞു. "പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങൾ തിരഞ്ഞെടുത്തു. ഭഗവന്ത് മന്‍റെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങൾ പ്രവർത്തിക്കും. ഞാൻ അദ്ദേഹത്തിന്‍റെ ജ്യേഷ്ഠൻ മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി വിജയിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K