13 April, 2022 07:52:39 PM


'എന്റെ കേരളം' പ്രചാരണയാത്ര: തത്സമയ ക്വിസിൽ ആദ്യ സമ്മാനം നേടി ലോട്ടറി തൊഴിലാളി



കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രചാരണ യാത്രയ്ക്ക് തുടക്കം. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രചാരണ യാത്ര പൊൻകുന്നം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, ഗ്രാമപഞ്ചായത്തംഗം ഐ.എസ്. രാമചന്ദ്രൻ നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പൊൻകുന്നം പ്രസ് സെന്റർ പ്രസിഡന്റ് എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെയും ജില്ലാതല വാർഷികാഘോഷത്തിന്റെയും ഭാഗമായാണ് പ്രചാരണ യാത്ര സംഘടിപ്പിക്കുന്നത്.

സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാറിന്റെ ചോദ്യത്തിന് ഉടനടി ഉത്തരം നൽകി ലോട്ടറി തൊഴിലാളിയായ കോയിപ്പള്ളി സ്വദേശി പ്രസന്നൻ ആദ്യ സമ്മാനം കരസ്ഥമാക്കി. ഫലകവും പുസ്തകങ്ങളുമടങ്ങുന്നതാണ് സമ്മാനം.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, പഞ്ചായത്തംഗങ്ങളായ ബിജു പാപ്പയാല, വി.പി. രാജൻ, മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു. മണിമല ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ഉദ്ഘാടനവും സമ്മാന ദാനവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ശ്രീജിത്ത് നിർവഹിച്ചു.  കലാഭവൻ രാജാറാം, കലാഭവൻ ഷൈനി പ്രസാദ്, സുജിത്ത് ലാൽ എന്നിവർ കലാജാഥയ്ക്കും പ്രിയ ശ്രീനിവാസൻ തത്സമയ ക്വിസിനും നേതൃത്വം നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K