27 April, 2022 07:49:14 PM


'ഇനി അത്ര ശബ്ദം വേണ്ട!' : യുപിയിൽ ആരാധനാലയങ്ങളിലെ കോളാമ്പികൾ അഴിച്ചുതുടങ്ങി



ലക്നോ: ഉത്തർപ്രദേശിലെ ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരുന്ന കോളാമ്പി ഉച്ചഭാഷിണികൾ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പോലീസ് വ്യാപകമായി നീക്കം ചെയ്തുതുടങ്ങി. തന്‍റെ രണ്ടാം ടേമിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്കു തുടക്കമിട്ടിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

ഇതിനകം നൂറുകണക്കിനു ക്ഷേത്രങ്ങളുടെയും മോസ്കുകളുടെയും മുകളിൽനിന്നു കോളാന്പികൾ നീക്കം ചെയ്തെന്നു പോലീസ് സൂചിപ്പിക്കുന്നു. വിവിധ മതനേതാക്കളുമായി മുഖ്യമന്ത്രി നേരത്തെ തന്നെ ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ രണ്ടു സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനു പിന്നാലെ യുപിയിലും കർശന കരുതൽ നടപടികൾ ആദിത്യനാഥ് സ്വീകരിച്ചിരുന്നു. ഈദ്, അക്ഷയത്രിതീയ ആഘോഷങ്ങൾ സമീപ ദിനങ്ങളിൽ നടക്കാൻ പോകുന്നതുകൂടി കണക്കിലെടുത്താണ് ഉച്ചഭാഷിണി നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്.

വിവിധ കോടതി നിർദേശങ്ങൾ അനുസരിച്ചു മതപരമായ സ്ഥലങ്ങളിൽനിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നും അനുവദനീയമായവയിൽനിന്നുള്ള ശബ്ദം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഉച്ചഭാഷിണികൾ സ്ഥാപിക്കാൻ പുതിയ അനുമതി നൽകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറെ ദിവസങ്ങളായി യുപി പോലീസിന്‍റെ ട്വിറ്റർ ഹാൻഡിലിൽ ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിന്‍റെ നിരവധി ദൃശ്യങ്ങളും മതനേതാക്കൾ ഇതിനെ അനുകൂലിച്ചു സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ വിവാഹമണ്ഡപങ്ങളിലും മറ്റും ശബ്ദം നിയന്ത്രണത്തിന്‍റെ കാര്യങ്ങൾ സൂചിപ്പിക്കുന്ന ലഘുലേഖകൾ പോലീസ് വിതരണം ചെയ്യുന്നുമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K