28 May, 2022 09:26:44 AM
ലഡാക്കിൽ സൈനിക വാഹനം മറിഞ്ഞ് ഏഴ് മരണം; മരിച്ചവരില്‍ മലയാളി സൈനികനും

ശ്രീനഗര്‍: സൈനികര്‍ സഞ്ചരിച്ച വാഹനം ലഡാക്കില്‍ അപകടത്തില്‍പെട്ട് പുഴയിലേക്കു മറിഞ്ഞു ഏഴുപേര്‍ മരിച്ചു. മരിച്ചവരിൽ മലയാളി സൈനികനും. മലപ്പുറം പരപ്പനങ്ങാടി കെപിഎസ് റോഡിലെ ലാൻസ് ഹവീൽദാർ മുഹമ്മദ് ഷൈജലാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. 
ലഡാക്കിലെ തുർട്ടുക് സെക്ടറിലാണ് സംഭവം. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പര്‍താപൂരില്‍ നിന്ന് ഫോര്‍വേഡ് ലൊക്കേഷനായ സബ് സെക്ടര്‍ ഹനീഫിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് വാഹനം 60 അടി താഴ്ചയിലുള്ള പുഴയിലേക്കാണ് മറിഞ്ഞത്. റോഡില്‍ വാഹനം തെന്നിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍പ്പെട്ട 26 പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് കരസേന അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി വ്യോമസേന വിമാനത്തിൽ വെസ്റ്റേൺ കമാൻഡിലേക്ക് കൊണ്ടുപോകുമെന്നും കരസേന അറിയിച്ചു.
                                
                                        



