07 June, 2022 10:20:18 PM


കേസുകളില്‍ നിരന്തരം തോല്‍വി; അഭിഭാഷകനെ മാറ്റാന്‍ നഗരസഭാ തീരുമാനം വീണ്ടും



ഏറ്റുമാനൂര്‍: നഗരസഭയുടെ നിയമകാര്യങ്ങള്‍ നോക്കുന്ന സ്റ്റാന്‍റിംഗ് കൌണ്‍സിലില്‍നിന്നും അഡ്വ.സിബി ചേനപ്പാടിയെ നീക്കം ചെയ്യാന്‍ വീണ്ടും തീരുമാനം.  2022 ഏപ്രില്‍ 26ന് ചേര്‍ന്ന കൌണ്‍സിലില്‍ പ്രതിപക്ഷനേതാവ് ഈ.എസ്.ബിജു ഉന്നയിച്ച ആവശ്യം കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം അനുകൂലിച്ച് തീരുമാനമെടുത്തിട്ടും അത് നടപ്പാക്കുന്നതിനു പകരം മിനിറ്റ്സില്‍ ഭേദഗതി വരുത്തിയത് വിവാദമായിരുന്നു. കൈരളി വാര്‍ത്ത ഇന്നലെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന കൌണ്‍സിലില്‍ വിഷയം വീണ്ടും ചര്‍ച്ചക്കെത്തിയത്.


മുന്‍തീരുമാനം ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരുത്തിയെന്നായിരുന്നു അംഗങ്ങളുടെ ആരോപണം. അംഗങ്ങള്‍ക്ക് പ്രിന്‍റ് ചെയ്ത് നല്‍കിയ  മിനിറ്റ്സിലാണ് തീരുമാനം ഭേദഗതി വരുത്തിയ നിലയില്‍ കണ്ടത്. ഇന്ന് കൌണ്‍സിലില്‍ വിഷയം ഉന്നയിച്ച അംഗങ്ങള്‍ അന്ന് യോഗം നടക്കുമ്പോള്‍ എഴുതിയ മിനിറ്റ്സ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അഡ്വ.സിബി ചേനപ്പാടിയെ നീക്കം ചെയ്യാനെടുത്ത തീരുമാനം 32 അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. അംഗങ്ങളുടെ ബഹളത്തെതുടര്‍ന്ന് അഭിഭാഷകനെ നീക്കം ചെയ്യാന്‍തന്നെ യോഗം തീരുമാനിച്ചു.


കോടതിയില്‍ നിരുത്തരവാദപരമായി പെരുമാറുകയും അതിന്‍റെ ദൂഷ്യഫലങ്ങള്‍ ഉദ്യോഗസ്ഥരും നഗരസഭയും അനുഭവിക്കുകയും ചെയ്യേണ്ട അവസ്ഥ സംജാതമായതിനെതുടര്‍ന്ന് കഴിഞ്ഞ ഭരണസമിതിയിലും സിബി ചേനപ്പാടിയെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് പലവട്ടം ചര്‍ച്ചയായിരുന്നു. നഗരസഭ കക്ഷിയായ പല കേസുകളും ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അഭിഭാഷകന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം പരാജയപ്പെടുന്നതും കേസുകള്‍ പഠിക്കുന്നതിന് നഗരസഭയുമായി സഹകരിക്കുന്നില്ലെന്നും മറ്റുമായിരുന്നു ആരോപണം. എന്നാല്‍ വക്കീല്‍ ഫീസിനത്തില്‍ നല്ല തുക നഗരസഭയില്‍നിന്നും പോകുന്നുമുണ്ട്.


Also Read: കൗണ്‍സില്‍ തീരുമാനം വക്കീലിനെ മാറ്റാന്‍; മിനിറ്റ്സില്‍ രേഖപ്പെടുത്തിയത് നിലനിര്‍ത്താന്‍


കേസ് ജയിച്ചാലും തോറ്റാലും അഭിഭാഷകന്‍ ബില്‍ നല്‍കുകയും നഗരസഭ അത് പാസാക്കികൊടുക്കുകയും ചെയ്യുന്നത് കഴിഞ്ഞ ഭരണസമിതിയില്‍ ഏറെ വിവാദമായിരുന്നു. 2019 നവംബര്‍ 4ന് 13 കേസുകളുടെ ഫീസായി 1,69,000 രൂപയുടെ ബില്‍ നല്‍കിയിരുന്നു. ഇവയില്‍ എട്ടെണ്ണം കേസ് പരിഗണിച്ച ദിവസം തന്നെ വിധിയായി എന്നതിനാല്‍ ഇതിലേക്കായി 40,000 രൂപ അഭിഭാഷകന് നല്‍കിയത്രേ. ഡിഎംസി കണ്‍വന്‍ഷന്‍ സെന്‍ററും നഗരസഭയും തമ്മില്‍ നിലനില്‍ക്കുന്ന കേസ് കോടതി അവധിക്കുവെച്ച കാര്യം മറച്ചുവെച്ചതും പെറ്റീഷന്‍റെ കോപ്പി അഭിഭാഷകന്‍ നഗരസഭയ്ക്ക് നല്‍കാതിരുന്നതും ദുരുദ്ദേശത്തോടെയാണെന്നും ആരോപണമുയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K