09 June, 2022 11:44:24 AM


ചേർപ്പുങ്കൽ പാലം: നിർമ്മാണം ചീഫ് എഞ്ചിനീയർ നേരിട്ട് വിലയിരുത്തും - മന്ത്രി റിയാസ്



പാലാ: തകരാറിലായ പാലാ ചേർപ്പുങ്കൽ പഴയ പാലത്തിൻ്റേയും അപ്രോച്ച് റോഡിൻ്റേയും അറ്റകുറ്റപ്പണികളും  ഒപ്പം പുതിയ പാലത്തിൻ്റെ നിർമ്മാണവും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ നേരിട്ട് വിലയിരുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 


പാലം എത്രയും വേഗം സുരക്ഷിതമാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുവാൻ പ്രത്യേക ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ.മാണിയും തോമസ് ചാഴികാടനും ഇന്നലെ  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി തിരുവനന്തപുരത്തു നടത്തിയ  ചർച്ചയെ തുടർന്നാണ്  മന്ത്രി ഇക്കാര്യം അറിയിച്ചത്. നിർമ്മാണ പുരോഗതി അപ്പപ്പോൾ അറിയക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.


ചേർപ്പുങ്കൽ പഴയ പാലത്തിൽ ഗതാഗതം പൂർണ്ണമായും തടഞ്ഞതോടെ മീനച്ചിലാറിൻ്റെ മറുകരയിൽ ഉള്ള ആശുപത്രി, കോളജ്, സ്കൂൾ, തീർത്ഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള വാഹനയാത്ര ദുഷ്കരമായിരിക്കുകയാണെന്നും മഴ കനക്കും മുൻപ് തകരാറുകൾ പരിഹരിച്ച് വാഹനയാത്ര സുഗമമാക്കണമെന്നും പുതിയ സമാന്തരപാലത്തിന്‍റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും എം. പി. മാർ  മന്ത്രിയോട് ആവശ്യപ്പെട്ടു. 


ഇപ്പോൾ വാഹനയാത്ര ചെയ്യുന്ന സമാന്തരപാത വളരെ ഇടുങ്ങിയതും വെള്ളപ്പൊക്കകാലത്ത് ഗതാഗതം ദിവസങ്ങളോളം മുടങ്ങുന്നതുമായതിനാൽ പാലം തുറന്നു നൽകേണ്ടതിന്‍റെ അടിയന്തിര ആവശ്യം അവർ മന്ത്രിയെ ബോദ്ധ്യപ്പെടുത്തി. മോൺ.  ജോസഫ് കണിയോടിക്കൽ, ഫാ. ജോസ് കീരഞ്ചിറ എന്നിവരും എം.പി.മാരോടൊപ്പം ഉണ്ടായിരുന്നു. നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടപ്പാക്കി പൂർത്തിയാക്കുന്നതിന് മന്ത്രി ഉടൻ ചീഫ് എഞ്ചിനീയർക്ക്  നിർദ്ദേശവും നൽകി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K