19 June, 2022 02:33:44 PM


വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; രോഗിയായി എത്തിയ പ്രതി പിടിയിൽ



ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു. ഞായറാഴ്ച പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.

വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചത്. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തി. പ്രതി ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K